80കാരന് കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ അത്യപൂര്‍വ അഡ്രിനല്‍ ട്യൂമര്‍ ശസ്ത്രക്രിയ
കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ 80കാരന് അത്യപൂര്‍വ അഡ്രിനല്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രോഗിക്കൊപ്പം മെഡിക്കല്‍ ടീം
കാസര്‍കോട്: ഹൃദയവാല്‍വ് മാറ്റിയതടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന 80 വയസ്സുകാരന് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആസ്പത്രിയില്‍ ലാപ്രോസ്‌കോപിക് അഡ്രിനലക്ടമി വിജയകരമായി പൂര്‍ത്തിയാക്കി. ഈ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജില്ലയുടെ ആരോഗ്യരംഗത്തെ മെഡിക്കല്‍ മികവ് ആസ്റ്റര്‍ മിംസ് വീണ്ടും അടയാളപ്പെടുത്തി.
രോഗിയുടെ വൃക്കയുടെ മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന 12 സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ പ്രായവും ഹൃദയവാല്‍വ് മാറ്റിയതുള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദയാവസ്ഥയും പരിഗണിക്കുമ്പോള്‍ അത്യന്തം അപകടസാധ്യതയുള്ളതായിരുന്നു ഈ ശസ്ത്രക്രിയ. സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, യൂറോളജി, അനസ്‌തേഷ്യ, കാര്‍ഡിയോളജി, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഏകോപന പ്രവര്‍ത്തനമാണ് ശസ്ത്രക്രിയ വിജയകരമാക്കാന്‍ സഹായകമായത്.
സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ. അരവിന്ദ്, മെഡിക്കല്‍, ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. രാംനാഥ് ഷേണായി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. മുഹമ്മദ് അമീന്‍, ഡോ. ശിവതേജ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷമുള്ള സുരക്ഷയും പരിചരണവും ഉറപ്പുവരുത്തി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സോയ് ജോസഫ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും സി.എം.എസുമായ ഡോ. സാജിദ് സലാഹുദ്ദീന്‍ എന്നിവരും മേല്‍നോട്ടം വഹിച്ചു.