കാസര്‍കോട്: നാളികേര കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് തെങ്ങിന് തടമെടുക്കല്‍ ഉള്‍പ്പെടുന്നില്ലെന്ന് അധികൃതരുടെ പുതിയ വാദം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. എല്ലാ കാലവര്‍ഷത്തിലും കന്നി മാസത്തിലാണ് കൂടുതലും കര്‍ഷകര്‍ തെങ്ങിന് തടമെടുക്കുന്നത്. ഇത് പലരും തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ചെയ്തുവരുന്നതും. തടമെടുക്കല്‍ തൊഴിലുറപ്പില്‍ പെടുന്നില്ലെന്നാണ് ഇപ്പോഴത്തെ അധികൃതരുടെ വിശദീകരണം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'മണ്‍വരമ്പ്' നിര്‍മ്മാണമാണ് പദ്ധതിയില്‍ ഉള്ളത്. ഇത് പലരും ദുരുപയോഗം ചെയ്ത് തെങ്ങിന് തടമെടുത്തുവെന്ന് രേഖപ്പെടുത്തി വേദനം വാങ്ങുന്നു വെന്ന പരാതികളാണ് ഏറെയുമുള്ളത്. ഇത് തൊഴിലുറപ്പ് മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നുമില്ല. ജില്ലയില്‍ ചില ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ തെങ്ങിന് തടമെടുക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നുണ്ട്. മറ്റു ബ്ലോക്കുകളില്‍ ഇത് അനുവദിക്കുന്നില്ലെന്നും പറയുന്നു. ഇത് തൊഴിലാളികളെ ആശയക്കുഴപ്പത്തിലാകുന്നുമുണ്ട്. തടമെടുത്ത കര്‍ഷകര്‍ ഇനി മൂടാന്‍ വേറെ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുമെന്ന സങ്കടത്തിലുമാണ്. തൊഴിലുറപ്പ് പദ്ധതി മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തുക തിരിച്ചുപിടിക്കുമെന്നും തൊഴിലുറപ്പ് പദ്ധതി കേന്ദ്ര അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.