ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടണമെങ്കില്‍ ഇന്ത്യയിലെ ചെങ്കൊടി പാര്‍ട്ടികളെല്ലാം ഒന്നിക്കണം- അഡ്വ. കെ. പ്രകാശ് ബാബു

By :  Sub Editor
Update: 2025-08-25 10:46 GMT

സി.പി.ഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന ജില്ലാതല ശതാബ്ദി സമ്മേളനം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടണമെങ്കില്‍ രാജ്യത്തെ ചെങ്കൊടി പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന ജില്ലാതല ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് മുന്നോടിയായി നോര്‍ത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ കാഞ്ഞങ്ങാട് നഗരത്തെ പുളകം കൊള്ളിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും നടന്നു. സംസ്ഥാന കൗണ്‍സിലംഗവും പൊളിറ്റിക്കല്‍ ഓഫീസറുമായ ടി. കൃഷ്ണനും ടെക്നിക്കല്‍ ഓഫീസറും ജില്ലാ കൗണ്‍സിലംഗവുമായ കരുണാകരന്‍ കുന്നത്തുമാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് നയിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന ജന്മശതാബ്ദി സമ്മേളനത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.എ നായര്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ വി. രാജന്‍, എം. അസിനാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ് കുര്യാക്കോസ്, പി. ഭാര്‍ഗവി, എം. കുമാരന്‍ മുന്‍ എം.എല്‍.എ, അഡ്വ. വി. സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ.വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡിക്കും സംസ്ഥാന കൗണ്‍സിലംഗവും എം.എല്‍.എയുമായ വാഴൂര്‍ സോമനും അനുശോചനം രേഖപ്പെടുത്തിയാണ് പൊതുസമ്മേളനം ആരംഭിച്ചത്.


Similar News