നാട്യരത് നം കണ്ണന്‍ പാട്ടാളി ആശാന്‍ സ്മാരക മന്ദിര ഉദ് ഘാടനവും നാട്യാചാര്യ, പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും 19, 20 തീയതികളില്‍

രണ്ടു ദിവസങ്ങളില്‍ ആറ് സെഷനുകളിലായി ദേശീയ സെമിനാറും സംഘടിപ്പിക്കും.;

Update: 2025-04-17 09:38 GMT

കാസര്‍കോട്: നാട്യരത്‌നം കണ്ണന്‍ പാട്ടാളി കഥകളി ട്രസ്റ്റിന് വേണ്ടി പുതുതായി നിര്‍മ്മിച്ച സ്മാരക മന്ദിര ഉദ് ഘാടനവും ആംഫി തിയേറ്റര്‍ സമര്‍പ്പണവും വാര്‍ഷിക ദിനാചരണവും ഏപ്രില്‍ 19, 20 തീയതികളിലായി അരവത്ത് വച്ച് നടക്കും. സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പരിപാടിയോട് അനുബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ ആറ് സെഷനുകളിലായി ദേശീയ സെമിനാറും സംഘടിപ്പിക്കും. തെയ്യം കല-കലാകാരന്‍ - അതിജീവനവും ഉപജീവനവും, അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ -സാംസ്‌കാരിക വെല്ലുവിളികള്‍ -ഭീഷണികള്‍, കളരിയും തെയ്യവും സാധര്‍മ്മ്യ വൈധര്‍മ്യങ്ങള്‍ - നയരൂപീകരണം - സോദാഹരണ ക്ലാസ്, തെയ്യം മാറുന്ന കാലം -മാറുന്ന കല, അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ - കളരിപ്പയറ്റിനും നാടന്‍ കലകള്‍ക്കുമുള്ള വെല്ലുവിളികള്‍, ഭീഷണികള്‍ എന്നീ വിഷയങ്ങളില്‍ കേരളത്തിനകത്തും പുറത്തും ഉള്ള അറിയപ്പെടുന്ന വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

19ന് ശനിയാഴ്ച നടക്കുന്ന സമ്മേളനം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ.എം ശ്രീധരന്റെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ് ഘാടനം ചെയ്യും. ഡോ. വൈ.വി.കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനവും ഭാവഭാരതി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ആംഫി തിയേറ്റര്‍ നസീര്‍ വെളിയില്‍ നാടിന് സമര്‍പ്പിക്കും. തുടര്‍ന്ന് ട്രസ്റ്റിന് കീഴില്‍ കഥകളി പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നടക്കും.

20 ന് സമാപന സമ്മേളനത്തിന്റെ ഉദ് ഘാടനവും ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന നാട്യാചാര്യ, പ്രതിഭ പുരസ്‌കാര സമര്‍പ്പണവും ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം. ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.

മുഖ്യാതിഥിയായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പങ്കെടുക്കും. പ്രദേശത്തെ പ്രമുഖ കലാകാരന്മാരെ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആദരിക്കും. ഈ വര്‍ഷത്തെ നാട്യാചാര്യ പുരസ്‌കാരം കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ ആശാന്‍ ഏറ്റുവാങ്ങും. പ്രതിഭാ പുരസ്‌കാരത്തിന് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ ആശാന്‍(കഥകളി സംഗീതം), കലാനിലയം ഉദയന്‍ നമ്പൂതിരി (കഥകളി ചെണ്ട) എന്നിവര്‍ അര്‍ഹരായി.

സമാപന സമ്മേളനത്തിനും പുരസ്‌കാര സമര്‍പ്പണത്തിനും ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും. കോട്ടക്കല്‍ സിഎം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സീത സ്വയംവരം - കിരാതം കഥകളിയും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ എ.എം ശ്രീധരന്‍, മധു മുതിയക്കാല്‍, നാസര്‍ തിരുവക്കോളി, ഡോ. പി.കെ ജയരാജന്‍ എന്നിവര്‍ സംബന്ധിച്ചു.

Similar News