മയക്കുമരുന്ന് ദുരുപയോഗത്തിന് എതിരായ ബോധവത്കരണവും സമൂഹ സഹകരണവും പരിപാടി 26 ന് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍
പ്രശസ്ത അന്തര്‍ദേശീയ മൈന്‍ഡ് ട്രെയിനറും പ്രചോദനാത്മക പ്രസംഗകനും പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയായി സംസാരിക്കും;
കാസര്‍കോട്: പ്രവാസി അസോസിയേഷന്‍ ഖത്തറും(Kadexa Qatar) വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറും (WMC Qatar) സംയുക്തമായി മയക്കുമരുന്ന് ദുരുപയോഗത്തിന് എതിരെ നടത്തുന്ന ബോധവത്കരണവും സമൂഹ സഹകരണവും പരിപാടി 26 ന് ഉച്ചക്ക് 2 മണിക്ക് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍ നടത്തും. സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രശസ്ത അന്തര്‍ദേശീയ മൈന്‍ഡ് ട്രെയിനറും പ്രചോദനാത്മക പ്രസംഗകനും പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയായി സംസാരിക്കും. മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്നുകളില്‍ ഗ്ലോബല്‍ തലത്തില്‍ സജീവമായ അദ്ദേഹത്തിന് നിരവധി അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ബോധവത്കരണവും ഐക്യവും നന്മയുള്ള ജീവിത ശൈലിയും ആഘോഷിക്കുന്ന സാംസ്‌കാരിക പരിപാടികളും, പ്രസാദ് നേത്രാലയ സൂപ്പര്‍ സ്‌പെഷ്വാലിറ്റി ഐ ഹോസ്പിറ്റല്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും നടത്തും. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തില്‍ എല്ലാവരുടേയും സഹകരണവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഹരികുമാര്‍ കാനത്തൂര്‍, ഗോപിനാഥന്‍ കൈന്താര്‍, സക്കറിയ അബ്ദുല്ല, ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.