കടുത്ത ചൂടില്‍ ഏസി ഇല്ലാതെ യാത്രക്കാര്‍ ഇരുന്നത് 4 മണിക്കൂറിലേറെ; ഒടുവില്‍ വിമാനം റദ്ദാക്കി എന്ന് അറിയിപ്പ്; എയര്‍ ഇന്ത്യാ വിമാനത്തിനെതിരെ ഉയരുന്നത് രൂക്ഷവിമര്‍ശനം
ചൂട് സഹിക്കാനാകാതെ വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് കയ്യിലിരിക്കുന്ന കടലാസുകള്‍ കൊണ്ട് വീശുന്ന യാത്രക്കാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍;
ദുബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ ദുരിതം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദുബൈയില്‍ നിന്നും കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കൊടിയ ദുരിതം നേരിടേണ്ടി വന്നത്. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയത് നാല് മണിക്കൂറിലധികം. പിന്നീടാണ് വിമാനം റദ്ദാക്കിയ വിവരം അറിയിക്കുന്നത്. ഇതോടെ വിമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
രാവിലെ 9 മണിക്ക് ദുബായില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 346 എന്ന ഫ് ളൈറ്റിലെ യാത്രക്കാരാണ് ദുരിതം നേരിട്ടത്. രാവിലെ 8.15 ഓടെ ബോര്‍ഡിംഗ് ആരംഭിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് യാത്രയെ കുറിച്ചുള്ള ഒരു അപ് ഡേറ്റുകളും അധികൃതര്‍ പുറത്തുവിട്ടില്ല. യാത്രക്കാര്‍ക്ക് ഈ സമയമത്രയും കടുത്ത അസ്വസ്ഥതകള്‍ നേരിടേണ്ടതായി വന്നു. എയര്‍ കണ്ടീഷന്‍ പോലും ഇല്ലാതെയാണ് മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ ഇരുന്നത്.
ഉച്ചയ്ക്ക് 12.15 ന് സങ്കേതിക പ്രവര്‍ത്തന കാരണങ്ങളാല്‍ വിമാനം റദ്ദാക്കിയ വിവരം അറിയിക്കുകയും യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചൂട് സഹിക്കാനാകാതെ വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് കയ്യിലിരിക്കുന്ന കടലാസുകള്‍ കൊണ്ട് വീശുന്ന യാത്രക്കാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഉണ്ടായിരുന്നില്ലെന്നും സഹിക്കാനാകാത്ത ചൂടായിരുന്നുവെന്നും ദുബൈയില്‍ താമസിക്കുന്ന അഞ്ജലി മോഹന്‍ എന്ന യാത്രക്കാരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടിലേക്ക് വരുന്നവര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായി. പ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി നാട്ടിലേക്ക് തിരിക്കാനിരുന്നവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എയര്‍ലൈന്‍ അധികൃതര്‍ പിന്നീട് യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.40 ന് ആണ് യാത്രക്കാര്‍ക്ക് നാട്ടിലേക്ക് പുറപ്പെടാന്‍ കഴിഞ്ഞത്.