'ലത്തീഫ': യുഎഇയിലെ ആദ്യത്തെ എ.ഐ കുഞ്ഞിന് പേരിട്ടു

വോട്ടെടുപ്പില്‍ 14,000 പേര്‍ പങ്കെടുത്തു;

Update: 2025-08-19 07:08 GMT

ദുബൈ: വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായി, യുഎഇയിലെ ആദ്യത്തെ എ.ഐ കുഞ്ഞിന് പേരിട്ടു, ലത്തീഫ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തേയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തി. ഡിജിറ്റല്‍ ദുബൈ പ്രഖ്യാപിച്ച മൂന്ന് പേരുകളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ ഏകദേശം 14,000 പേരാണ് പങ്കെടുത്തത്. വോട്ടെുപ്പ് പൂര്‍ത്തിയായതായും യുഎഇ ആദ്യത്തെ വെര്‍ച്വല്‍ ഇമാറാത്തി കുടുംബാംഗത്തെ ഔദ്യോഗികമായി നാമകരണം ചെയ്തതായും ഡിജിറ്റല്‍ ദുബൈ അറിയിച്ചു.

രാജ്യം അടുത്തിടെയാണ് എ.ഐ പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് പേരിടുന്നതില്‍ പങ്കെടുക്കാന്‍ പൊതുസമൂഹത്തെ ക്ഷണിക്കുകയും ചെയ്തു. ലത്തീഫ, മിറ, ദുബൈ എന്നീ മൂന്നുപേരുകളായിരുന്നു ഡിജിറ്റല്‍ ദുബൈ പ്രഖ്യാപിച്ചത്. ഈ മൂന്ന് പേരുകളില്‍, 43 ശതമാനം വോട്ടുകള്‍ നേടിയാണ് ലത്തീഫ വിജയിയായത്. മിറയ്ക്ക് 37 ശതമാനവും ദുബായിക്ക് 20 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

എ.ഐ യില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ എമിറാത്തി പെണ്‍കുട്ടി കഥാപാത്രമായ ലത്തീഫ തന്റെ കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തി. പിതാവ് മുഹമ്മദ്, അമ്മ സലാമ, സഹോദരന്‍ റാഷിദ്. ആധുനിക രീതിയിലുള്ള പരമ്പരാഗത എമിറാത്തി വസ്ത്രം ധരിച്ച ലത്തീഫ എന്ന പെണ്‍കുട്ടി, പ്രത്യേകിച്ച് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും, സാങ്കേതികവിദ്യ, എ.ഐ, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നരീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റി വിഭാഗങ്ങളുമായും ഭാഷകളുമായും ബന്ധപ്പെടുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇമാറാത്തി മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആദ്യത്തെ ഡിജിറ്റല്‍ മോഡലാണ് ഈ കുടുംബം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 'സമൂഹ വര്‍ഷ'ത്തിന് കീഴില്‍ ഡിജിറ്റല്‍ ദുബായ് ആരംഭിച്ച നിരവധി സംരംഭങ്ങളുടെ ഭാഗമാണിത്.

ഡിജിറ്റല്‍ ദുബായിയുടെ സംരംഭങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഡിജിറ്റല്‍ സ്ഥലത്ത് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലത്തീഫയും കുടുംബവും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രത്യക്ഷപ്പെടും അധികൃതര്‍ വ്യക്തമാക്കി.

Similar News