ഷാര്‍ജയില്‍ ഫ് ളാറ്റില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെ അപ്പാര്‍ട്ട് മെന്റിന് തീപിടിച്ച് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
അല്‍ മജാസ് 2 പ്രദേശത്തുള്ള അപ്പാര്‍ട്ട് മെന്റിലാണ് അപകടം സംഭവിച്ചത്;
ഷാര്‍ജ: ഫ് ളാറ്റില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെ അപ്പാര്‍ട്ട് മെന്റിന് തീപിടിച്ച് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ മജാസ് 2 പ്രദേശത്തുള്ള അപ്പാര്‍ട്ട് മെന്റില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. തീപിടുത്തത്തില്‍ 46 കാരിയായ ഇന്ത്യന്‍ സ്ത്രീയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സ്ത്രീ തന്റെ വീട്ടില്‍ ഒരു പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. 11 നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ രാത്രി 10.45 ഓടെയാണ് തീപിടുത്തമുണ്ടായത്. അടിയന്തര കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ടീമുകളും പൊലീസും നാഷണല്‍ ആംബുലന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അധികൃതര്‍ എട്ടാം നില പൂര്‍ണമായും സീല്‍ ചെയ്തു. താമസക്കാരോട് സുരക്ഷാ പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാവൂ എന്ന് അറിയിച്ചു.
മറ്റ് ഫ് ളാറ്റിലേക്ക് തീ പടരുന്നതിന് മുമ്പുതന്നെ നിയന്ത്രണ വിധേയമാക്കിയതിനാല്‍ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. കെട്ടിടത്തിന്റെ ഓരോ നിലയിലും 12 അപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ട്. എന്നാല്‍ മരിച്ച സ്ത്രീയുടെ അപ്പാര്‍ട്‌മെന്റില്‍ മാത്രമേ തീപിടുത്തമുണ്ടായുള്ളൂ. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുന്നതിനായി അന്വേഷണം ആരംഭിച്ചു.