യുഎഇയിലെ മലയാളി പ്രവാസികള്‍ക്ക് ഓണ സമ്മാനം: കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ആരോഗ്യ പരിരക്ഷ
മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 22 ന് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും;
യുഎഇ: യുഎഇയിലെ മലയാളി പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഓണ സമ്മാനം. പ്രതിദിനം ഒരു ദിര്‍ഹത്തില്‍ താഴെ പ്രീമിയത്തില്‍ 500,000 രൂപ (ഏകദേശം 21,000 ദിര്‍ഹം) പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നോര്‍ക്ക നല്‍കുന്നത്. ഏകദേശം 7,800 രൂപ (328 ദിര്‍ഹം) വാര്‍ഷിക പ്രീമിയത്തില്‍, കേരളത്തിലെ 400-ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 14,000-ത്തിലധികം ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും. സാധാരണ ഇന്‍ഷുറന്‍സുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുള്ളതാണ് പദ്ധതി.
നോര്‍ക്ക പ്രവാസി/എന്‍ആര്‍കെ ഐഡി കാര്‍ഡ് കൈവശമുള്ള കേരളീയ പ്രവാസികള്‍ക്ക് ഈ പദ്ധതി ലഭ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 22 ന് തിരുവനന്തപുരത്ത് നിന്ന് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രവാസികള്‍ക്ക് ചേരാന്‍ ഒരു മാസത്തെ സമയം (ഒക്ടോബര്‍ 22 വരെ) ഉണ്ടായിരിക്കും. ഇന്‍ഷുറന്‍സ് പ്ലാനില്‍ ചേരുന്നതിന് അപേക്ഷകര്‍ ആദ്യം ഔദ്യോഗിക വെബ് സൈറ്റ് വഴി നോര്‍ക്ക ഐഡി നേടണം. ഐഡി കാര്‍ഡിന് മൂന്ന് വര്‍ഷത്തേക്ക് സാധുതയുണ്ട്. ഔദ്യോഗിക പോളിസി രേഖ നവംബര്‍ 1 ന് പുറത്തിറങ്ങും.
ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സില്‍ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം യുഎഇയില്‍ സന്ദര്‍ശനം നടത്തുന്നു. പി ശ്രീരാമകൃഷ്ണനൊപ്പം നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്. അബുദാബിയിലെ യോഗം പൂര്‍ത്തിയായി. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ മേഖലാ യോഗം ഞായറാഴ്ച വൈകിട്ട് 6.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് നടക്കുന്നത്.
പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് പോലും ഇന്‍ഷുറന്‍സ് ലഭിക്കും എന്നതാണ് നോര്‍ക്ക കെയര്‍ പ്രവാസി ഇന്‍ഷുറന്‍സിനെ വേറിട്ടതാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ ലഭ്യമാണ്. ഭര്‍ത്താവും ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് ജിഎസ്ടി ഉള്‍പ്പെടെ 13,275 രൂപയാണ് വാര്‍ഷിക പ്രീമിയം. അധികമായി ചേര്‍ക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നല്‍കണം. വ്യക്തിഗത ഇന്‍ഷുറന്‍സ് മാത്രമാണെങ്കില്‍ 7,965 രൂപ മതി. നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ പണരഹിത ചികിത്സ ലഭ്യമാക്കും.