ഇനി മുതല്‍ സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം: എഐ പവേര്‍ഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം

രേഖകളൊന്നും സമര്‍പ്പിക്കാതെ തന്നെ യാത്രക്കാര്‍ക്ക് എഐ പവേര്‍ഡ് പാസഞ്ചര്‍ ഇടനാഴിയിലൂടെ പാസ്പോര്‍ട്ട് നിയന്ത്രണ പോയിന്റുകള്‍ കടന്നു പോകാം;

Update: 2025-08-22 08:03 GMT

ദുബായ്: എഐ പവേര്‍ഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം. യാത്രക്കാര്‍ക്ക് വളരെ വേഗം തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കടന്നു പോകാന്‍ സഹായിക്കുന്ന ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് പാസഞ്ചര്‍ ഇടനാഴിയാണ് ദുബായ് വിമാനത്താവളത്തില്‍ ആരംഭിച്ചത്. പുതിയ സജ്ജീകരണം വന്നതോടെ 6 സെക്കന്‍ഡിനുള്ളില്‍ തന്നെ ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം.

യാത്രാ രേഖകളൊന്നും സമര്‍പ്പിക്കാതെ തന്നെ യാത്രക്കാര്‍ക്ക് എഐ പവേര്‍ഡ് പാസഞ്ചര്‍ ഇടനാഴിയിലൂടെ പാസ്പോര്‍ട്ട് നിയന്ത്രണ പോയിന്റുകള്‍ കടന്നു പോകാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഇന്‍ ദുബായ് (ജിഡിആര്‍എഫ്എ) ഡയറക്ടര്‍ ജനറലായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ എഐ കോറിഡോര്‍ വിമാനത്താവളത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം, പത്ത് പേര്‍ക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്തി കടന്നു പോകാന്‍ കഴിയും. യാത്രക്കാര്‍ പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ കയ്യില്‍ പിടിക്കേണ്ട ആവശ്യവുമില്ല. എഐ കോറിഡോറിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

വീല്‍ചെയറുകള്‍ ഉപയോഗിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ അടക്കമുള്ളവര്‍ക്കും ഈ സൗകര്യം എന്തുകൊണ്ടും നല്ലതാണ്. മുന്‍ കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ കാണിച്ചാല്‍ മാത്രമേ കടത്തിവിടുകയുള്ളൂ. മണിക്കൂറുകളോളം ഇതിനായി കാത്തുനില്‍ക്കേണ്ടി വരികയും ചെയ്യും. പ്രായാധിക്യമുള്ളവരും അസുഖ ബാധിതരും കൈക്കുഞ്ഞുങ്ങള്‍ ഉള്ള യുവതികളും ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടിരുന്നു. പുതിയ സംവിധാനം ആളുകള്‍ കൗതുകത്തോടെയാണ് കണ്ടത്.

ഇടനാഴിയുടെ അവസാനത്തില്‍, യാത്രക്കാരന്റെ ഫോട്ടോ, ഫ് ലൈറ്റ് വിശദാംശങ്ങള്‍, ടൈംസ്റ്റാമ്പ് എന്നിവയ്ക്കൊപ്പം 'ഇമിഗ്രേഷന്‍ നടപടിക്രമം പൂര്‍ത്തിയായി' എന്ന സന്ദേശം ഒരു സ്‌ക്രീനില്‍ മിന്നിമറഞ്ഞു. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനൊപ്പം പുതിയ സംവിധാനം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ പറയുന്നു. സംശയാസ്പദമായ പാസ്പോര്‍ട്ടുകള്‍ ഫ് ളാഗ് ചെയ്യാനും അവയെ സ്വയമേവ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ക്ക് റഫര്‍ ചെയ്യാനും എ.ഐ സംവിധാനത്തിന് കഴിയുമെന്ന് മുഹമ്മദ് അഹമ്മദ് അല്‍ മാരി വിശദീകരിച്ചു.

2024-ല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര യാത്രാ ഗതാഗതത്തിനുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിര്‍ത്തിയതായി എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Similar News