ഒമാനിലെ മാധ മേഖലയില്‍ നേരിയ ഭൂകമ്പം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

യുഎഇയിലെ താമസക്കാര്‍ക്ക് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍;

Update: 2025-08-21 07:23 GMT

മസ്‌ക്കറ്റ്: ഒമാനിലെ മാധ മേഖലയില്‍ നേരിയ ഭൂകമ്പം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) യുടെ നാഷണല്‍ സീസ്മിക് നെറ്റ് വര്‍ക്ക് അറിയിച്ചത്. രാവിലെ 5.13 ന് അനുഭവപ്പെട്ട ഭൂകമ്പം 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്.

യുഎഇയിലെ താമസക്കാര്‍ക്ക് ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ ഒരു ചെറിയ ഒമാനി എക്സ്‌ക്ലേവാണ് മാധ. മുസന്ദം പെനിന്‍സുലയ്ക്കും ഒമാന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയില്‍ ഏകദേശം പകുതിയോളം സ്ഥിതിചെയ്യുന്ന മാധ ഫുജൈറയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയില്‍ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതാണെങ്കിലും, മാധ ഒമാന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇതിന്റെ ഭരണം നിയന്ത്രിക്കുന്നത്.

ഈ മാസം ആദ്യം, അല്‍ സിലയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പ്രദേശത്ത് നേരിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും കാര്യമായ ആഘാതമൊന്നും ഉണ്ടായില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, സില ഭൂകമ്പത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഓഗസ്റ്റ് 5 ന്, ഖോര്‍ ഫക്കാനില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 8.35 ന് രേഖപ്പെടുത്തിയ ഭൂചലനം താമസക്കാര്‍ക്ക് നേരിയ തോതില്‍ അനുഭവപ്പെട്ടെങ്കിലും പ്രത്യാഘാതമൊന്നും ഉണ്ടായില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

Similar News