പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസി വിസയുള്ളവര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം

ഇതുവഴി ടൂറിസം രംഗത്ത് വലിയ കുതിപ്പിനാണ് കുവൈത്ത് ഒരുങ്ങുന്നത്;

Update: 2025-08-12 09:41 GMT

കുവൈത്ത്: ഗള്‍ഫ് മേഖലയില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജിസിസി രാജ്യങ്ങളിലെ വിദേശ താമസക്കാര്‍ക്ക് ടൂറിസ്റ്റ് ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രഖ്യാപിച്ച് കുവൈത്ത്. ഇതോടെ മുന്‍കൂര്‍ വിസ അപേക്ഷകളോ എംബസി നടപടിക്രമങ്ങളോ ഇല്ലാതെ തന്നെ ഗള്‍ഫിലുടനീളം യാത്ര ചെയ്യാം.

കുവൈത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് ഓഗസ്റ്റ് 10 ന് കുവൈത്ത് അലിയൂം ഔദ്യോഗിക ഗസറ്റ് വഴിയാണ് ഇതുസംഹബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പുതിയ നിയമങ്ങള്‍ പ്രകാരം, കുറഞ്ഞത് 6 മാസത്തേക്ക് സാധുവായ റെസിഡന്‍സി പെര്‍മിറ്റുള്ള ഒരു ജിസിസി രാജ്യത്ത് (സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ അല്ലെങ്കില്‍ കുവൈറ്റ്) താമസിക്കുന്ന ഏതൊരു വിദേശ പൗരനും ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. റെസിഡന്‍സി മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം, ദേശീയ നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. ടൂറിസത്തിനായി കുവൈത്തിലേക്ക് വിദേശ ജിസിസി നിവാസികളുടെ പ്രവേശനം നിയന്ത്രിക്കുന്ന 2008 ലെ നിയന്ത്രണം ഇത് റദ്ദ് ചെയ്യുന്നു.

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഗുണകരമാവുന്ന വലിയ വിസ മാറ്റങ്ങളാണ് കുവൈത്ത് അവതരിപ്പിക്കുന്നത്. കുടുംബങ്ങള്‍ സന്ദര്‍ശനം നടത്തുന്നതിലും ഇളവുകളുണ്ട്. ഇതുവഴി ടൂറിസം രംഗത്ത് വലിയ കുതിപ്പിനാണ് കുവൈത്ത് ഒരുങ്ങുന്നത്. മുന്‍പ് ചില തൊഴില്‍ മേഖലകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന വിസ ഓണ്‍ അറൈവല്‍ സൗകര്യം ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ജിസിസി രാജ്യങ്ങളില്‍ 6 മാസ കാലവധി ബാക്കിയുള്ള വിസയുള്ള ഏതൊരാള്‍ക്കും വിസ ഓണ്‍ അറൈവല്‍ ലഭിക്കും. എന്നാല്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള ചില രാജ്യങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്.

വിനോദ സഞ്ചാരം സുഗമമാക്കുന്നതിനും, അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ ജിസിസി മേഖല സമ്മേളനം അടുത്ത വര്‍ഷം കുവൈത്തില്‍ നടക്കുകയാണ്. കുടുംബ സന്ദര്‍ശന വിസകള്‍ക്കും ഇളവ് വരുത്തിയിട്ടുണ്ട്. ഈ വിസകളില്‍ സന്ദര്‍ശകര്‍ക്ക് മള്‍ട്ടിപ്പല്‍ എന്‍ട്രി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

2024 ലെ കണക്കനുസരിച്ച്, ജിസിസി ജനസംഖ്യ 61.2 ദശലക്ഷത്തിലധികമാണ്, വിദേശ നിവാസികള്‍ അതില്‍ പകുതിയിലധികവുമാണ്. ജിസിസി പൗരന്മാര്‍ക്ക് അംഗരാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയുമെങ്കിലും, പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുവൈറ്റില്‍, കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ഇന്റര്‍-ഗള്‍ഫ് ടൂറിസവും സാമ്പത്തിക സംയോജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെയും ഒമാന്റെയും വിസ ഉദാരവല്‍ക്കരണ ശ്രമങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.

2025 ഓടെ 1.13 ബില്യണ്‍ ഡോളറിലധികം വരുമാനം പ്രതീക്ഷിക്കുന്ന ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന കുവൈത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ വിസ ഓണ്‍ അറൈവല്‍ നിയമം. എണ്ണ വരുമാനത്തിനപ്പുറം സമ്പദ് വ്യവസ്ഥയെയും സംസ്‌കാരത്തെയും വൈവിധ്യവത്കരിക്കുക എന്ന കുവൈത്തിന്റെ 2035 വിഷന്‍ ന്റെ ഭാഗമാണിത്.

Similar News