കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകന്‍ വിനോദ് ഭാസ്‌കരന്‍ അന്തരിച്ചു
ബ്ലഡ് ഡോണേഴ്സ് സ്ഥാപനം വഴി കോവിഡ് സമയത്ത് യുഎഇയില്‍ മാത്രം രക്ഷിച്ചത് 2,00000 പേരുടെ ജീവന്‍;
ദുബായ്: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) യുടെ സ്ഥാപകന്‍ വിനോദ് ഭാസ്‌കരന്‍(48) അന്തരിച്ചു. തിങ്കളാഴ്ച, കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചുനടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അന്ത്യം സംഭവിച്ചത്. മകന്‍ ആദിത്യന്‍ ആണ് കരള്‍ പകുത്ത് നല്‍കിയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
'ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹത്തിന് വൃക്കയും ഹൃദയവുമായി ബന്ധപ്പെട്ട കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടായി,'. ഇത് മരണത്തിന് കാരണമായെന്ന് യുഎഇ ആസ്ഥാനമായുള്ള ബിഡികെ വളണ്ടിയറും അടുത്ത സഹായിയുമായ ഉണ്ണി പുന്നാര എന്നറിയപ്പെടുന്ന ഷിജിത്ത് വിദ്യാസാഗര്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായ വിനോദ് 2011 ല്‍ തെരുവുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുന്ന 'വീ ഹെല്‍പ്പ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് തന്റെ സാമൂഹിക സേവന യാത്ര ആരംഭിച്ചത്. 2014-ല്‍, രക്തത്തിനായുള്ള അടിയന്തര ആവശ്യം കണക്കിലെടുത്ത്, ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപിച്ചു, വളരെ പെട്ടെന്ന് തന്നെ ഇത് കേരളം, യുഎഇ, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവയിലൂടെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ചാരിറ്റബിള്‍ ട്രസ്റ്റായി വളര്‍ന്നു.
അടിയന്തര സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് കോവിഡ്-19 പാന്‍ഡെമിക് സമയത്ത് അദ്ദേഹത്തിന്റെ സംരംഭം ഒരു വലിയ രക്ഷാമാര്‍ഗമായിരുന്നു. യുഎഇയില്‍ മാത്രം കോവിഡ് സമയത്ത് ഏകദേശം 200,000 ജീവന്‍ രക്ഷിച്ചതായി ഉണ്ണി പറഞ്ഞു. എല്ലാ വര്‍ഷവും 6,000 യൂണിറ്റിലധികം രക്തമാണ് സംഘടന ദാനം ചെയ്യുന്നത്. ഒരു യൂണിറ്റിന് മൂന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഉണ്ണി അറിയിച്ചു.