ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലിന് തീപിടിച്ചു; 14 പേരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന
ഇന്ത്യന്‍ വംശജരായ 14 ക്രൂ അംഗങ്ങളായിരുന്നു അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്;
മസ്‌കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ തീപിടിത്തത്തില്‍ പെട്ട കപ്പലിലെ ജീവനക്കാര്‍ക്ക് രക്ഷകരായി ഇന്ത്യന്‍ നാവികസേന. എംടി യി ചെങ് 6 എന്ന കപ്പലില്‍ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. പുലാവു ഫ് ളാഗ് ചെയ്ത കപ്പലില്‍ ഉണ്ടായിരുന്ന പതിനാല് ജീവനക്കാരെയും നാവികസേന രക്ഷപ്പെടുത്തി.
സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ നാവിക കപ്പല്‍ ഐഎന്‍എസ് ടബാറാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഐഎന്‍എസ് ടബാറിലെ 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോഗസ്ഥരും തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടുത്തത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധവും പൂര്‍ണമായും തകരാറിലായി.
ഗുജറാത്തിലെ കാണ്ട് ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോകുന്നതിനിടെയാണ് കപ്പലില്‍ തീപിടിച്ചത്. ഇന്ത്യന്‍ വംശജരായ 14 ക്രൂ അംഗങ്ങളായിരുന്നു അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. ഐഎന്‍എസ് തബാറില്‍ നിന്നുള്ള അഗ്‌നിശമന സംഘവും ഉപകരണങ്ങളും കപ്പലിന്റെ ബോട്ടും ഹെലികോപ്റ്ററും വഴിയാണ് എത്തിച്ചതെന്ന് ഇന്ത്യന്‍ നാവികസേന എക്സിലെ (മുമ്പ് ട്വിറ്റര്‍) ഒരു പോസ്റ്റില്‍ പറഞ്ഞു. നിലവില്‍ തീയുടെ തീവ്രത കുറഞ്ഞതായി ഇന്ത്യന്‍ നാവികസേനയുടെ വക്താവ് അറിയിച്ചു.
#IndianNavy's stealth frigate#INSTabar, mission deployed in the Gulf of Oman, responded to a distress call from Pulau flagged MT Yi Cheng 6, on #29Jun 25.
— SpokespersonNavy (@indiannavy) June 30, 2025
The vessel with 14 crew members of Indian origin, transiting from Kandla, India to Shinas, Oman, experienced a major fire… pic.twitter.com/hcwCalBW96