സൗദിയില്‍ 3 കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമം; ഇന്ത്യന്‍ യുവതി പൊലീസ് കസ്റ്റഡിയില്‍
ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീന്‍ ആണ് കൊലപാതകക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്നത്;
ദമാം: സൗദി അറേബ്യയില്‍ 3 കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യന്‍ യുവതി പൊലീസ് കസ്റ്റഡിയില്‍. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീന്‍ (33) ആണ് ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരെയും ഇളയമകന്‍ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ക്രൂരമായി കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അല്‍കോബാര്‍ ഷുമാലിയിലെ താമസ സ്ഥലത്താണ് സംഭവം നടന്നത്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാല്‍ വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈദ ഹുമൈദ പൊലീസ് കസ്റ്റഡിയിലാണ്.
ഭര്‍ത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുഹമ്മദ് ദുരന്തമറിയുന്നത്. ഭാര്യയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സൗദി റെഡ് ക്രസന്റിന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കുട്ടികളുടെ മൃതദേഹങ്ങള്‍ ദമാമില്‍ അടക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നിയമനടപടികള്‍ ലോകകേരളാസഭാംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.