ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിക്ക് തിരിച്ചടി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 381 കോടി രൂപ നല്‍കാന്‍ ഉത്തരവിട്ട് ദുബായ് ഡിഐഎഫ്സി കോടതി

വായ്പയുമായി ബന്ധപ്പെട്ട് നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയില്‍ ഷെട്ടി കള്ളം പറഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ണ്ണായക വിധി;

Update: 2025-10-15 09:36 GMT

ദുബായ്: ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനുമായ ബി ആര്‍ ഷെട്ടിക്ക് തിരിച്ചടി നല്‍കി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയുടെ ഉത്തരവ്. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വായ്പയുമായി ബന്ധപ്പെട്ട് നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയില്‍ ഷെട്ടി കള്ളം പറഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ണ്ണായക വിധി. എന്‍എംസി ഹെല്‍ത്ത് കെയറിന് 415 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് 2018 ഡിസംബറില്‍ ഷെട്ടി വ്യക്തിഗത ഗ്യാരണ്ടിയില്‍ ഒപ്പിട്ടിരുന്നോ എന്നതായിരുന്നു കേസിന്റെ പ്രധാന വിഷയം.

ഇത് നിഷേധിച്ച ഷെട്ടി, തന്റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്നും വായ്പ നല്‍കിയ ബാങ്ക് സിഇഒയെ താന്‍ കണ്ടിട്ടില്ലെന്നും വാദിച്ചു. ഷെട്ടിക്ക് കീഴിലായിരുന്ന എന്‍.എം.സി ഹെല്‍ത്ത് കെയറിനായുള്ള 415 കോടി രൂപ വായ്പ്പയ്ക്ക് 2018ലാണ് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയത്. വായ്പയെ കുറിച്ചറിയില്ലെന്ന വാദം പൊളിച്ച് തെളിവായി 2020ലെ ഷെട്ടിയുടെ തന്നെ ഇമെയില്‍ കോടതിയിലെത്തി. വ്യക്തിഗത ഗ്യാരണ്ടിയെ കുറിച്ച് പറയുന്നതായിരുന്നു മെയില്‍. ഒപ്പ് വ്യാജമാണെന്ന വാദം പൊളിച്ചാണ് ബാങ്ക് സിഇഒ ഇതിനായി മാത്രം അബുദാബിയിലെ എന്‍എംസി ഓഫീസില്‍ പോയതായുള്ള മൊഴികളും ഫോട്ടോകളും എത്തിയത്.

സെപ്റ്റംബര്‍ 29 ലെ വിചാരണയ്ക്കിടെ ഷെട്ടിയുടെ വാദത്തെ 'അവിശ്വസനീയമായ നുണകളുടെ പരേഡ്' എന്നും അദ്ദേഹത്തിന്റെ തെളിവുകള്‍ 'പൊരുത്തമില്ലാത്തതും അര്‍ത്ഥശൂന്യവുമാണെന്ന്' കണ്ടെത്തിയതായും ജസ്റ്റിസ് ആന്‍ഡ്രൂ മോറാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 8 ന് ആണ് കോടതി വിധി പ്രസ്താവിച്ചത്.

സാക്ഷി മൊഴികളും രേഖകളും എതിരായതോടെയാണ് 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. ജീവനക്കാര്‍ക്കിടയില്‍ തന്റെ ഒപ്പ് കോപ്പിയടിക്കാന്‍ മത്സരം തന്നെ ഉണ്ടായിരുന്നുവെന്നും അതിന്റെ ഫലമാണ് താന്‍ അനുഭവിക്കുന്നതെന്നും കോടതിയില്‍ ഷെട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കയ്യക്ഷര വിദഗ്ദരും ഷെട്ടിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി.

വായ്പ്പയെ കുറിച്ച് തനിക്ക് അറിയില്ലെന്ന ഷെട്ടിയുടെ വാദം കോടതിയില്‍ അംഗീകരിക്കപ്പെട്ടില്ല. ഷെട്ടിക്ക് കീഴിലായിരുന്ന എന്‍.എം.സി ഹെല്‍ത്ത് കെയര്‍ തകര്‍ന്നതിന് തുടര്‍ച്ചയായാണ് വിധി. വിധി പ്രകാരം പലിശ ഉള്‍പ്പെടെ 381 കോടി രൂപയാണ് ഷെട്ടി എസ്.ബി.ഐക്ക് നല്‍കേണ്ടത്. പൂര്‍ണ്ണമായി പണമടയ്ക്കുന്നത് വരെ ഈ തുകയ്ക്ക് പ്രതിവര്‍ഷം 9% അധിക പലിശയും ബാധകമാകും.

Similar News