ദുബായ് മറീനയിലെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം; ആളപായമില്ല
മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്;
ദുബായ്: മറീനയിലെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം. മറീന സെയില്‍ എന്ന ബഹുനില കെട്ടിടത്തിലെ മുകളിലത്തെ നിലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് അറിയുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
തീപിടിത്തത്തെ തുടര്‍ന്ന് മറീന സെയിലിലെ താമസക്കാരെ അവിടെ നിന്നും ഒഴിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമായതോടെ താമസക്കാര്‍ അപ്പാര്‍ട്ടുമെന്റുകളില്‍ തിരികെ എത്തി. തീപിടുത്തത്തെ തുടര്‍ന്ന് താമസക്കാര്‍ക്ക് ബൈബ്ലോസ് ഹോട്ടല്‍ ജീവനക്കാര്‍ സഹായം വാഗ്ദാനം ചെയ്തു, ചില താമസക്കാര്‍ ഹോട്ടലിനുള്ളില്‍ അഭയം പ്രാപിക്കുകയും ചെയ്തു.
പുലര്‍ച്ചെ ആയതിനാല്‍ പലരും നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ടാണ് പലരും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് വന്നത്. തീ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ താമസക്കാര്‍ പുറത്തെത്തിയത് വലിയൊരു അപകടം ഒഴിവാക്കി. നിരവധി മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂണില്‍ ദുബായ് മറീനയിലെ ടൈഗര്‍ ടവറില്‍ ഉണ്ടായ തീപിടുത്തത്തില്‍ 3,820 താമസക്കാരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. 67 നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചു. ട്രാം സര്‍വീസുകള്‍ 24 മണിക്കൂര്‍ നിര്‍ത്തിവച്ചു, തീപിടുത്തത്തെ തുടര്‍ന്ന് താമസക്കാര്‍ക്ക് അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും പലരും മോചിതരായിട്ടില്ല.