ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം

അജ്മാനില്‍ താമസിക്കുന്ന 48 കാരനായ മലയാളി സുഭാഷ് മഠത്തിനാണ് ഭാഗ്യ സമ്മാനം ലഭിച്ചത്;

Update: 2025-10-03 11:30 GMT

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) അജ്മാനില്‍ താമസിക്കുന്ന 48 കാരനായ മലയാളി സുഭാഷ് മഠത്തിനാണ് ഭാഗ്യ സമ്മാനം ലഭിച്ചത്. സെപ്തംബര്‍ 12ന് ഇദ്ദേഹം ഓണ്‍ലൈനായി വാങ്ങിയ 2550 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന സമ്മാനം നേടിക്കൊടുത്തത്. ദുബൈയില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

14 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന സുഭാഷ് സനയ്യ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് സിയില്‍ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ഇദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

ഒരു കുട്ടിയുടെ പിതാവായ സുഭാഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ പങ്കെടുക്കുന്നു.''വളരെ നന്ദി ദുബായ് ഡ്യൂട്ടി ഫ്രീ! ഈ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല!' - എന്നാണ് വിജയിയായ ശേഷം സുഭാഷിന്റെ പ്രതികരണം.

കേരളത്തില്‍ നിന്നുള്ള സുഭാഷ് മഠത്തില്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്റെ 260ാമത്തെ ഇന്ത്യക്കാരനായ വിജയിയാണ്. ദീര്‍ഘകാലമായി നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളിലെ ഏറ്റവും വലിയ പങ്കാളികളും വിജയികളും ഇപ്പോഴും ഇന്ത്യന്‍ പൗരന്മാരാണ്.

മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിന് ശേഷം, രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ ഒരു ഫ്രഞ്ച് സ്വദേശിയും ദുബൈയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരനും ആഢംബര വാഹനങ്ങള്‍ സ്വന്തമാക്കി.

ദുബൈയില്‍ താമസിക്കുന്ന മലയാളിയായ കുഞ്ഞുമൊയ്തീന്‍ മടക്കന്‍ ബിഎംഡബ്ല്യൂ എസ് 1000 R ആഢംബര ബൈക്ക് സ്വന്തമാക്കി. സെപ്തംബര്‍ 18ന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആറ് വര്‍ഷമായി നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഇദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവാണ്. ദുബായില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്നു.

'ഒടുവില്‍, വളരെക്കാലത്തിനുശേഷം, ഞാന്‍ ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിജയിച്ചു! വളരെ നന്ദി!' എന്നാണ് വിജയിയായശേഷം അദ്ദേഹത്തിന്റെ പ്രതികരണം.

Similar News