ഖത്തറിലെ വ്യാവസായിക മേഖലയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്
തീ പടര്‍ന്ന ഉടന്‍തന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു;
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്തം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കി. ശനിയാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മുന്‍കരുതല്‍ നടപടിയായി, തീ പടര്‍ന്ന ഉടന്‍തന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. നിലവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കോ തൊഴിലാളികള്‍ക്കോ പരിക്കേറ്റിട്ടില്ല.
കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ടീമുകള്‍ സ്ഥലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും മറ്റ് ഭാഗങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ഇത് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഒഴിവാക്കി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചും അന്വേഷിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് വരും മണിക്കൂറുകളില്‍ തന്നെ വിവരം പുറത്തുവിടും.