അംബരചുംബിയാവാന്‍ ഇനി ബുര്‍ജ് അസീസിയും.. ലോകത്തിലെ രണ്ടാമത്തെ വലിയ കെട്ടിടം 2028ല്‍ പൂര്‍ത്തിയാവും

ആറ് ബില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന ബുര്‍ജ് അസീസി, ബുര്‍ജ് ഖലീഫക്കൊപ്പം മറ്റൊരു അത്ഭുതമാകും

Update: 2024-11-26 05:23 GMT

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ എന്ന ആര്‍ക്കിടെക്ച്ചര്‍ വിസ്മയത്തിന് പിന്നാലെ രണ്ടാമത്തെ വലിയ കെട്ടിടവും ദുബായില്‍ തന്നെ ഒരുങ്ങുകയാണ്. ദുബായി ഷെയ്ഖ് സായിദ് റോഡിലെ ബുര്‍ജ് അസീസി കെട്ടിടം 2028 ഓടെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. 132 നിലകളുള്ള കെട്ടിടത്തിന് 725 മീറ്റര്‍ ഉയരമുണ്ടാകും. സെവന്‍ സ്റ്റാര്‍ പദവിയിലുള്ള ഹോട്ടല്‍ കൂടി ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മുറിയും ബുര്‍ജ് അസീസിയിലായിരിക്കും. ആറ് ബില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന ബുര്‍ജ് അസീസി ബുര്‍ജ് ഖലീഫക്കൊപ്പം മറ്റൊരു അത്ഭുതമാകുമെന്നാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി വക്താക്കള്‍ പറയുന്നത്. വെര്‍ട്ടിക്കല്‍ ഷോപ്പിംഗ് മാള്‍, ഏഴ് സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന സെവന്‍ സ്റ്റാര്‍ പദവി, പെന്റ് ഹൗസസ്, അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോളിഡേ ഹോംസ്, വെല്‍നെസ് സെന്ററുകള്‍, സ്വിമ്മിംഗ് പൂള്‍, ജിം, മിനി മാര്‍ക്കറ്റ്‌സ്, തുടങ്ങി ആധുനിക സൗകര്യങ്ങള്‍ എല്ലാം ഒരുക്കും. മേഘങ്ങളില്‍ സഞ്ചരിക്കുന്ന പ്രതീതി നല്‍കുന്ന അഡ്രിനാലിന്‍ സോണ്‍ പ്രത്യേക ആകര്‍ഷണമാകും. ലോകത്തിലെ രണ്ടാമത്തെ വലിയ കെട്ടിടം എന്ന ഖ്യാതിക്കപ്പുറം ദുബായിക്കും അവിടുത്തെ ജനങ്ങള്‍ക്കുമുള്ള ആദരവിന്റെ കൂടി സ്മാരകമായി ബുര്‍ജ് അസീസി നിലകൊള്ളുമെന്നാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ടുകളും എഞ്ചിനീയര്‍മാരും പറയുന്നത്.

Tags:    

Similar News