വാഹനാപകടത്തില്‍ മരിച്ച മലയാളി ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി

Update: 2026-01-01 11:02 GMT

അബൂദാബി: പ്രവാസലോകത്തെ നോവാക്കി മാറിയ അപകടത്തിന് പിന്നാലെ, മരണത്തിലും ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി കൊല്ലം സ്വദേശി ബാബുരാജന്‍ യാത്രയായി. അബൂദാബിയിലുണ്ടായ അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം പരവൂര്‍ സ്വദേശി ബാബുരാജ(50)ന്റെ അവയവങ്ങളാണ് ആറ് പേര്‍ക്കായി ദാനം ചെയ്തത്. രണ്ടാഴ്ച മുമ്പ് അബൂദാബി വേള്‍ഡ് ട്രേഡ് സെന്ററിന് സമീപമുള്ള സിഗ്‌നലില്‍ റോഡ് മുറിച്ചുകടക്കവെ ബാബുരാജനെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ അബൂദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബാബുരാജന്റെ വിയോഗവാര്‍ത്തയ്ക്കിടയിലും അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യുവാണ് ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്കായി മൃതദേഹം അബുദാബി ക്ലീവ്ലാന്‍ഡ് ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ നടന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം, ലെന്‍സ്, വൃക്കകള്‍, പാന്‍ക്രിയാസ്, കരള്‍, ഷെല്‍സ് തുടങ്ങിയ അവയവങ്ങള്‍ വേര്‍തിരിച്ചെടുത്തു. വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി ഈ അവയവങ്ങള്‍ വെച്ചുപിടിപ്പിക്കും. പരേതനായ ബാബുരാജന്റെ ഭാര്യ കുമാരിയാണ്. പ്രീതി, കൃഷ്ണപ്രിയ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

Similar News