വായു. ശബ്ദ മലിനീകരണമുണ്ടോ:? ഇനി നേരിട്ട് സര്‍ക്കാറിനെ അറിയിക്കാം
ആദ്യഘട്ടത്തില്‍ വിപുലമായ സര്‍വേ സംഘടിപ്പിക്കും
വായു, ശബ്ദ മലിനീകരണം കുറയ്ക്കാന്‍ അടിയന്തിര നടപടികളുമായി മുന്നോട്ട് പോവുകയാണ് അബുദാബിയിലെ പരിസ്ഥിതി ഏജന്‍സി. താമസക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനും ശബ്ദമലിനീകരണം കുറക്കാനുമുള്ള കണ്‍സള്‍ട്ടേഷന്‍ പദ്ധതിയാണ് ഒരുങ്ങുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഓണ്‍ലൈന്‍ പോള്‍ ഒരുക്കിയും വ്യക്തികളോട് നേരിട്ട് ആരാഞ്ഞും രണ്ട് ഘട്ടങ്ങളിലൂടെയായിരിക്കും പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക.ഇതിനായി ആദ്യഘട്ടത്തില്‍ വിപുലമായ സര്‍വേ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കുള്ള അറിവ്, അനുഭവം,വായു ശബ്ദ മലിനീകരണം സംബന്ധിച്ച ആശങ്ക എന്നിവ സര്‍വേയിലൂടെ ജനങ്ങളില്‍ നിന്ന് ശേഖരിക്കും. വായു, ശബ്ദ മലിനീകരണം എങ്ങനെ കുറക്കാമെന്നതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും സ്വീകരിക്കും.
ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം സ്വീകരിക്കുന്നതിലൂടെ ഭരണകൂടത്തിന് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. വായുമലിനീകരണത്തിന്റെയും ശബ്ദ മലിനീകരണത്തിന്റെയും തോത് കണ്ടുപിടിക്കാന്‍ നിലവില്‍ എമിറേറ്റ്‌സില്‍ ഇരുപതിലധികം മോണിറ്ററിംഗ് സ്‌റ്റേഷനുകളുണ്ട്. നാല് മില്ല്യണ്‍ വിവരങ്ങള്‍ വര്‍ഷാവര്‍ഷം ശേഖരിച്ചുവരുന്നു. ഈ വിവരങ്ങളും പുതിയ പദ്ധതിക്ക് ഉപകാരപ്പെടുത്തും.