കുവൈത്തില്‍ ഭിക്ഷാടനം നടത്തിയതിന് 14 സ്ത്രീ യാചകര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും

മറ്റുള്ളവര്‍ ശ്രീലങ്കന്‍, സിറിയ, ജോര്‍ദാന്‍ രാജ്യങ്ങളിലുള്ളവര്‍;

Update: 2025-08-18 10:57 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭിക്ഷാടനം നടത്തിയതിന് 14 സ്ത്രീ യാചകര്‍ അറസ്റ്റില്‍. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സബയുടെ നിര്‍ദ്ദേശപ്രകാരം നാഷണാലിറ്റി ആന്‍ഡ് റെസിഡന്‍സി സെക്ടര്‍ മേധാവിയുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധയിലാണ് ഇവര്‍ അറസ്റ്റിലായത്.

താമസ-തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും സമൂഹത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടി എല്ലാ ഗവര്‍ണറേറ്റുകളിലും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് അറസ്റ്റ്. റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ കീഴിലുള്ള വയലേറ്റേഴ്‌സ് ഫോളോ-അപ്പ് വിഭാഗമാണ് രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തിയത്. ഇന്ത്യ, ശ്രീലങ്കന്‍, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.

നിയമലംഘകര്‍ക്കെതിരെ ഫാമിലി ജോയിനിംഗ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 22 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിച്ചു. ഈ നിയമമനുസരിച്ച് നിയമലംഘകനെയും സ്‌പോണ്‍സറെയും നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം തൊഴിലുടമകളെയും സ്‌പോണ്‍സര്‍മാരെയും കമ്പനികളെയും ഉത്തരവാദികളാക്കാനുള്ള നടപടികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറുമായി സഹകരിച്ച് സ്വീകരിച്ചു.

താമസ, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ഉത്തരവാദികളാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭിക്ഷാടനം ഏത് രൂപത്തിലായാലും അത് സമൂഹത്തിന് ദോഷവും നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar News