കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍
പലര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും കിഡ് നി തകരാറിലാവുകയും ചെയ്തിട്ടുണ്ട്;
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സ്ഥലത്താണ് ദുരന്തം നടന്നത്. 10 വ്യത്യസ്ത സ്ഥലങ്ങളിലായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവരില്‍ ദുരന്തത്തിനിരയായി കാഴ്ച നഷ്ടപ്പെട്ടവരും കിഡ്നി തകരാറിലായവരും ഉള്‍പ്പെടുന്നു.
കുവൈത്തിലെ ജലീബ് ബ്ലോക്ക് ഫോറിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. മദ്യനിരോധനമുള്ളതിനാല്‍, വ്യാജമദ്യം വാറ്റി വില്‍ക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി നിരവധി വ്യാജ മദ്യവില്‍പ്പനക്കാരെ പിടികൂടിയിരുന്നു. ഇതില്‍ രണ്ട് മലയാളികളും ഉണ്ട്.