തൊണ്ടയില്‍ കുടുങ്ങിയ പിസ്തയുടെ തൊലി കണ്ടെത്താനായില്ല; ആസ്പത്രിയില്‍ നിന്ന് മടക്കി അയച്ച കുഞ്ഞ് മരിച്ചു
ഉപ്പള: തൊണ്ടയില്‍ കുടുങ്ങിയ പിസ്തയുടെ തൊലി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടക്കി അയച്ച രണ്ട് വയസുകാരന്‍ മരിച്ചു. കുമ്പള ഭാസ്‌ക്കരനഗറിലെ അന്‍വറിന്റെയും ഉപ്പള സോങ്കാലിലെ മെഹ്‌റൂഫയുടെയും മകന്‍ അനസാണ് മരിച്ചത്. ശനിയാഴ്ച സോങ്കാലിലെ ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടി പിസ്ത കഴിച്ചത്. തുടര്‍ന്ന് കുട്ടി അസ്വസ്ഥത കാണിച്ചപ്പോള്‍ വീട്ടുകാര്‍ തൊണ്ടയില്‍ കൈ വിരലിട്ട് പിസ്ത പുറത്തെടുത്തിരുന്നു. ഉടനെ ഉപ്പളയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധയില്‍ പിസ്തയുടെ തൊലി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പ്രശ്നമില്ലെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചിരുന്നു. ഇന്നലെ രാവിലെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുമ്പളയിലെ ഒരു ക്ലിനിക്കിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.