കാസര്‍കോടിന്റെ പ്രിയപ്പെട്ട അധ്യാപിക നെല്ലിയാട്ട് ടീച്ചര്‍ അന്തരിച്ചു
കാസര്‍കോട്: എണ്ണമറ്റ ശിഷ്യഗണങ്ങള്‍ക്ക് വിജ്ഞാനവും അച്ചടക്കത്തിന്റെ മഹനീയ മാതൃകയും പകര്‍ന്നുനല്‍കിയ കാസര്‍കോടിന്റെ പ്രിയപ്പെട്ട അധ്യാപിക ഐവി കമല നെല്ലിയാട്ട്(94) അന്തരിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും കാസര്‍കോട് ഗവ. ഹൈസ്‌കൂളിലും കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂളിലും നിരവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ച നെല്ലിയാട്ട് ടീച്ചര്‍ കാസര്‍കോടിന്റെ അധ്യാപിക മുത്തശ്ശി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. കൂഡ്‌ലു ഗംഗെ റോഡില്‍ താമസക്കാരിയായ നെല്ലിയാട്ട് ടീച്ചര്‍ ഇന്ന് രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലാണ് അന്തരിച്ചത്. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ശാസ്ത്രജ്ഞനായിരുന്ന പരേതനായ ഇ.വി നെല്ലിയാട്ടിന്റെ ഭാര്യയാണ്. മറൈന്‍ എഞ്ചിനീയറും മംഗളൂരുവില്‍ ബിസിനസുകാരനുമായ ആനന്ദ് നെല്ലിയാട്ട്, കോഴിക്കോട്ട് ബിസിനസ് നടത്തിയിരുന്ന മോഹന്‍ നെല്ലിയാട്ട്, മംഗളൂരു കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസിലെ റിട്ട. ഉദ്യോഗസ്ഥന്‍ സത്യജിത് നെല്ലിയാട്ട് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വിനീത, ചിത്ര, ശ്രീജ കെ.എന്‍.
കോഴിക്കോട് സ്വദേശിനിയായ നെല്ലിയാട്ട് ടീച്ചര്‍ 1950കളുടെ അവസാനത്തിലാണ് തളങ്കരയിലെ ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ് അധ്യാപികയായി എത്തുന്നത്. പിന്നീട് കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ സേവനം അനുഷ്ഠിച്ചു. കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂളിന്റെ ആദ്യ ബാച്ച് കാസര്‍കോട് ടൗണിലെ ചെറിയൊരു കെട്ടിടത്തില്‍ പഠനം ആരംഭിച്ചപ്പോള്‍ നെല്ലിയാട്ട് ടീച്ചറായിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്. ഗേള്‍സ് സ്‌കൂളിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിരമിക്കുന്നത് വരെ അവിടെ പ്രധാനാധ്യാപികയായിരുന്നു. ഒരു അധ്യാപിക എന്നതിലുപരി കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ നിരന്തരം പിന്തുടര്‍ന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തക കൂടിയായിരുന്നു. തന്റെ കീഴില്‍ അറിവിന്റെ അക്ഷരങ്ങള്‍ സിദ്ധിച്ച വലിയ ശിഷ്യ സമ്പത്ത് നെല്ലിയാട്ട് ടീച്ചറെ എപ്പോഴും ആദരിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു.
പാലക്കാട് വിക്‌ടോറിയ കോളേജില്‍ ഒ.വി വിജയന്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവരുടെ സഹപാഠിയായിരുന്നു. മൃതദേഹം ആസ്പത്രിയില്‍ നിന്ന് ഉച്ചയോടെ കൂഡ്‌ലുവിലെ വീട്ടിലെത്തിക്കും. നാളെയാണ് സംസ്‌കാരം.