ചെളി തെറിച്ചും കുഴിയില്‍ വീണും യാത്ര; എന്ന് നന്നാക്കും മുഗു-മരക്കാട് റോഡ്

By :  Sub Editor
Update: 2024-12-06 10:54 GMT

തകര്‍ന്ന് പാതാളക്കുഴി രൂപപ്പെട്ട മുഗു മാരക്കാട് റോഡ്‌

നീര്‍ച്ചാല്‍: തകര്‍ന്ന് തരിപ്പണമായി പാതാളക്കുഴിയായി മാറിയ റോഡിലൂടെയുള്ള യാത്ര ദുരിതമാവുന്നു. മഴപെയ്താല്‍ റോഡിലെ പാതാളക്കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കും. ഇതോടെ റോഡേത് കുഴിയേത് എന്ന് അറിയാതെ വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. ഇതിലേറെയും ഇരു ചക്രവാഹന യാത്രക്കാരാണ്. ഇത് വഴി വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കാല്‍ നട യാത്രക്കാരുടെ മേല്‍ ചെളി അഭിഷേകം വേറെയും. പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി എട്ടാം വാര്‍ഡില്‍ പെടുന്ന മുഗു റോഡില്‍ നിന്നും ബദിയടുക്ക പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മരക്കാട്-മജിര്‍പ്പള്ളക്കട്ട-നീര്‍ച്ചാല്‍ റോഡിലെ പുത്തിഗെ പഞ്ചായത്തില്‍പെടുന്ന പകുതി ഭാഗം റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്.

മഴക്കാലമായാല്‍ റോഡില്‍ വെള്ളംകെട്ടി നില്‍ക്കുന്നു. കുഴി നിറഞ്ഞ റോഡിലൂടെയുള്ള വാഹന യാത്ര അപകട ഭീതിയോടെയാണ്.

പൊട്ടിപ്പൊളിഞ്ഞ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടേയും വാഹന യാത്രക്കാരുടേയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ റോഡ് കോണ്‍ക്രീറ്റ് ചെയ്തുവെങ്കിലും പുത്തിഗെ പഞ്ചായത്തിലെ ബാക്കി ഭാഗം തകര്‍ന്ന് കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുന്നു. പാതാളക്കുഴി രൂപപ്പെട്ട റോഡ് അടിയന്തിരമായി അറ്റകുറ്റ പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Similar News