നടപ്പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത മഴക്കാലത്ത് വിനയാകുമെന്ന് ആശങ്ക

By :  Sub Editor
Update: 2025-01-29 10:55 GMT

കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച നടപ്പാതയും സമീപത്തെ കടയും തമ്മിലുള്ള ഏറ്റക്കുറച്ചില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡ് വികസനത്തിന്റെ ഭാഗമായി തായലങ്ങാടി മുതല്‍ ട്രാഫിക്ക് ജംഗ്ഷന്‍ വരെയുള്ള പഴയ വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കല്‍ തുടരുന്നു. ഇവിടങ്ങളില്‍ പലേടത്തും നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ ചിലയിടങ്ങളില്‍ നടപ്പാത നിര്‍മ്മിച്ചത് അശാസ്ത്രീയമാണെന്നും ഇത് വ്യാപാരികള്‍ക്ക് ദുരിതമാകുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തായലങ്ങാടിയില്‍ ഒരു ഭാഗത്ത് നടപ്പാത പൊളിച്ച് പഴയ കടകളുടെ ഭാഗങ്ങളും റോഡില്‍ നിന്ന് നീക്കിയിട്ടുണ്ട്. എന്നാല്‍ നടപ്പാത നിര്‍മ്മിച്ചതോടെ കടയും നടപ്പാതയും തമ്മില്‍ വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ് നടപ്പാതയില്‍ നിന്ന് കടയിലേക്ക് ഇറങ്ങാനും തിരികെ കയറാനും യാത്രക്കാര്‍ സാഹസപ്പെടണം. എന്നാല്‍ ചില ഭാഗങ്ങളില്‍ കടയുടമകളുടെ സൗകര്യാര്‍ത്ഥമാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയതെന്നും പറയുന്നു. ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നടപ്പാതയില്‍ നിന്ന് കടയിലേക്ക് കയറാന്‍ സൗകര്യം ചെയ്താല്‍ ഇതിന് പരിഹാരമാവുമെന്നാണ് പ്രതിസന്ധിയിലായ വ്യാപാരികള്‍ പറയുന്നത്. നിരവധി പഴയ കടകളും കെട്ടിടങ്ങളുമാണ് പൊളിച്ച് നീക്കുന്നത്. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ തായലങ്ങാടിയില്‍ നിന്നും ട്രാഫിക്ക് ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളില്‍ രാവിലെയും വൈകിട്ടും വലിയ ട്രാഫിക്ക് കുരുക്ക് അനുഭവപ്പെടുന്നതും വാഹന യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു.


Similar News