ബേളയില്‍ അഗ്‌നിശമന വിഭാഗത്തിന് അനുവദിച്ച സ്ഥലം കാഴ്ചവസ്തുവായി മാറുന്നു
നീര്‍ച്ചാല്‍: വേനല്‍ തുടങ്ങിയതോടെ തീപിടുത്തം പതിവാകുന്നു. ഓടിയെത്താനാവാതെ അഗ്‌നിശമന സേന കിതക്കുമ്പോള്‍ അതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി വിട്ടു നല്‍കിയ സ്ഥലം ആര്‍ക്കും വേണ്ടാതെ, നാഥനില്ലാതെ വെറും കാഴ്ചവസ്തുവായി മാറുന്നു. ബദിയടുക്ക, പുത്തിഗെ, എണ്‍മകജെ, കുംബഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് അഗ്‌നിസേന വിഭാഗം എത്തേണ്ടത്. എന്നാല്‍ യഥാസമയം ഇവിടങ്ങളിലേക്ക് എത്താനും ആവുന്നില്ല. എത്തിയാല്‍ തന്നെ തീപ്പിടുത്തമുണ്ടായ സ്ഥലം പൂര്‍ണ്ണമായും കത്തി നശിച്ചിരിക്കും. ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന തീപിടിത്തങ്ങളും മറ്റു അപകടസാധ്യതകളും കണക്കിലെടുത്തും അതിര്‍ത്തി പഞ്ചായത്തിലെ ജനങ്ങളുടെ നിരന്തരമായ അപേക്ഷ കണക്കിലെടുത്തും 2014ല്‍ ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാന പ്രകാരം അഗ്‌നിശമന യൂണിറ്റ് ആവശ്യപ്പെട്ടിരുന്നു. സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ പ്രരംഭ ഘട്ടത്തില്‍ മുന്നു ഫയര്‍ എഞ്ചിനും 20 ജീവനക്കാരും ഉള്‍പ്പെടെ അനുവദിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവുമുണ്ടായി.
താല്‍ക്കാലികമായി ബേള വില്ലേജ് ഓഫീസീന് സമീപം ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ സ്ഥലം വിട്ടുകൊടുക്കാനും പിന്നിട് സ്ഥലം കണ്ടെത്തി അനുബന്ധ കെട്ടിടങ്ങള്‍ പണിയാനും തീരുമാനിച്ചിരുന്നു. മാസങ്ങള്‍ക്കകം തന്നെ അഗ്‌നി ശമന വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുതിയ കെട്ടിടം പണിയുന്നതിന് ബേള വില്ലേജ് ഓഫീസിന് സമീപത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി അടയാളപെടുത്തി പോവുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികളൊന്നും പൂര്‍ത്തിയാകാതെ ചുവപ്പ് നാടക്കുള്ളില്‍ കെട്ടി കിടക്കുകയാണ്.