ജില്ലയിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നു

കുറ്റകൃത്യങ്ങള്‍ ഏറുമ്പോഴും അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്കില്ല;

By :  Sub Editor
Update: 2025-02-01 10:47 GMT

കാസര്‍കോട്: ജില്ലയിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്ക് തുടരുമ്പോഴും ഇവരുടെ കാര്യത്തില്‍ കൃത്യമായ കണക്കൊന്നും അധികൃതരുടെ പക്കലില്ല. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് പ്രതിമാസം കാസര്‍കോട് ജില്ലയിലേക്ക് മാത്രം എത്തുന്നതെന്നാണ് വിവരം. നിര്‍മ്മാണ മേഖല മുതല്‍ എല്ലാ തൊഴില്‍ രംഗത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് ഏറെയുമുള്ളത്. വ്യവസായ മേഖലയില്‍ ഏതാണ്ട് ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്. ഇവര്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമുണ്ടെന്ന് അടുത്തകാലത്തായി സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളിലൂടെ മനസിലാക്കാന്‍ കഴിയും. സ്വന്തം പ്രദേശത്ത് നിന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിയാനുള്ള ഇടമായും പലരും കേരളത്തെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പല സംഭവങ്ങളും വിളിച്ചോതുന്നത്.

2024 ഡിസംബറില്‍ കാഞ്ഞങ്ങാട്ട് നിന്ന് ആസാം പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്തത് യു.എ.പി.എ. ചുമത്തപ്പെട്ട ഒരു പ്രതിയെയാണ്. ഒരു ക്വാര്‍ട്ടേഴ്‌സില്‍ നിണ് വ്യാജ രേഖയുണ്ടാക്കി ആസാം സ്വദേശിയെന്ന് തെറ്റിദ്ധരിപ്പിച്ച് താമസിപ്പിച്ചിരുന്ന ബംഗ്ലാദേശ് പൗരന്‍ ഷാബ് ഷെയ്ഖിനെ പിടികൂടിയത്.

ജില്ലയില്‍ എത്തുന്ന അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ പൊലീസിന്റെ കയ്യിലെത്താത്തതിനാലാണ് കൊടും കുറ്റവാളികളായവര്‍ ജില്ലയില്‍ തങ്ങുന്നത്. ഇവര്‍ക്ക് താമസം ഒരുക്കിക്കൊടുക്കുന്ന വാടക കെട്ടിട ഉടമകളില്‍ പലരും ഇവരില്‍നിന്ന് ശേഖരിക്കുന്ന കൃത്യമായ വിവരം പൊലീസിന് നല്‍കാറുമില്ല. ഇവരില്‍നിന്ന് നല്ല വാടക ലഭിക്കുന്നതിനാല്‍ പലരും രേഖ പോലും ആവശ്യപ്പെടുന്നുമില്ല.

സംസ്ഥാനത്ത് തങ്ങുന്ന ഒട്ടനവധി അതിഥി തൊഴിലാളികള്‍ ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ നിരവധി പീഡനക്കേസുകളിലും പ്രതികളാണ്. ഇതിലേറെയും ആസാം സ്വദേശികളാണെന്നാണ് വിവരം. ബംഗാള്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച മൂന്ന് ആസാം സ്വദേശികളെ പിടികൂടിയത് ഈ അടുത്ത കാലത്താണ്. ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോന്നി പൊലീസാണ് ഇവരെ തമിഴ്‌നാട്ടില്‍ നിന്ന് പിടിച്ചത്. അതിനിടെ ജില്ലയിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുകളും പുകയില ഉല്‍പന്നങ്ങളും എത്തിക്കുന്നതിലും അതിഥി തൊഴിലാളികളുടെ പങ്ക് തള്ളിക്കളയാനാവില്ല. ഇവരില്‍ പലരും നാട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന പരാതിയും ഏറി വരുന്നുണ്ട്. അടുത്തകാലത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൂടുതലും ഇവര്‍ വഴി ജില്ലയിലേക്ക് എത്തുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.

Similar News