കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം പുതുക്കിപ്പണിയണമെന്ന് ആവശ്യം

By :  Sub Editor
Update: 2025-01-08 10:44 GMT

മഴക്കാലത്ത് കുമ്പള പൊലീസ് സ്റ്റേഷന്റെ സ്ലാബുകള്‍ ഇടിഞ്ഞു വീണപ്പോള്‍ (ഫയല്‍ ഫോട്ടോ)

കുമ്പള: മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും സ്ലാബുകള്‍ ഇടിഞ്ഞുവീഴുന്നതുമായ കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം ആധുനിക രീതിയില്‍ പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കി.

കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ വിപുലമായ അടിസ്ഥാന സൗകര്യ വികസനം ഒരുക്കേണ്ടതുണ്ട്. ലഹരി, മണല്‍ വാരല്‍, കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഏറി വരുന്നതിനാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് പോലും നിര്‍ത്തിയിടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷനിലുള്ള ലോക്കപ്പും, പൊലീസ് ഓഫീസര്‍ക്കുള്ള ഓഫീസും മറ്റു ഓഫീസ് സംവിധാനങ്ങളും ഇടുങ്ങിയ മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പരിഹാരമെന്നോണം ആധുനിക രീതിയില്‍ പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിയണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതേ ആവശ്യം ഉന്നയിച്ച് നാസിര്‍ നിവേദനം നല്‍കിയിരുന്നു. അന്ന് ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. അതിനാല്‍ പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുകയും ആധുനിക സംവിധാനത്തോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി സ്റ്റേഷന്‍ പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.



Similar News