എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ നടപടി ഇന്നും തുടരുന്നു; മൂന്ന് ഗോഡൗണുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു
കാസര്‍കോട്: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്നും തുടരുന്നു. ഇന്നലെ പെരിയയിലെയും ചീമേനിയിലെയും ഗോഡൗണുകളില്‍ നിന്നും വിദഗ്ധസംഘം സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് രാവിലെ രാജപുരത്തെ ഗോഡൗണില്‍ നിന്നുള്ള സാമ്പിളും ശേഖരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗങ്ങള്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നിര്‍വീര്യമാക്കുന്ന നടപടി തുടങ്ങിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സി.പി.സി.ബിയുടെ നേതൃത്വത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിനല്‍ ഡയറക്ടര്‍ ചന്ദ്രബാബുവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ ചന്ദ്രബാബുവിന്റെയും എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ സുര്‍ജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പെരിയയിലെയും ചീമേനിയിലെയും ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. ഇതേ സംഘം ഇന്ന് രാവിലെ രാജപുരത്തെത്തി ഗോഡൗണില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. സി.പി.സി. ബിയിലെ സയന്റിസ്റ്റ് ഡോ. വി ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ ഓഫീസര്‍ കെ.എസ് ദിനേശ്, എ.ഇ.പി വി.സി സിദ്ധാര്‍ത്ഥ്, പി.സി.കെ മാനേജര്‍ യു സജീവ്, പെരിയ വില്ലേജ് ഓഫീസര്‍ അബ്ദുല്‍ മുത്തലിബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.