കാറില്‍ കടത്തിയ 83.890 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രണ്ടുപേര്‍ റിമാണ്ടില്‍
ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന 83.890 ഗ്രാം മാരക മയക്കുമരുന്നുമായി അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. തായലങ്ങാടി കുന്നില്‍ ഹൗസിലെ അബ്ദുള്‍ സലാം(29), ചെങ്കള ബാലടുക്കത്തെ മുഹമ്മദ് സലീല്‍ (41) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഡി.വൈ.എസ്.പി പ്രേംസദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസും ഡോന്‍സാപ് സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പെര്‍ള ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഇരുവരും പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കര്‍ണ്ണാടക വിട്ട്‌ള ഭാഗത്ത് നിന്ന് വന്ന കാര്‍ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കാറിനകത്ത് നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്ക് മരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പിടികൂടിയ മയക്കു മരുന്നിന് രണ്ടു ലക്ഷം രൂപ വില മതിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തില്‍ ബദിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.കെ. നിഖില്‍, ഗ്രേഡ് എസ്.ഐ തോമസ്, എ.എസ്.ഐ മുഹമ്മദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സെല്‍വരാജ്, ഡാന്‍ സാഫ് സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ നാരായണന്‍, അബൂബക്കര്‍ കല്ലായി, സി.പി.ഒമാരായ രാജേഷ് മാണിയാട്ട്, ഹരീഷ് ബീംബുങ്കാല്‍, സജേഷ്, ജയേഷ്, നിഖില്‍ എന്നിവരുമുണ്ടായിരുന്നു.