മയക്കുമരുന്ന് സംഘത്തെ പിടിക്കാന്‍ പരിശോധനക്കിറങ്ങി; കുടുങ്ങിയത് ഹവാല സംഘത്തിലെ പ്രധാനി
ഹൊസങ്കടി: എക്സൈസ് സംഘം പരിശോധനക്കിറങ്ങിയത് മയക്കുമരുന്ന് പിടികൂടാന്‍. കുടുങ്ങിയത് ഹവാല പണക്കടത്ത് സംഘത്തിലെ പ്രധാന ഏജന്റ്. 6,80,600 രൂപയുമായി കുമ്പഡാജെ സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പഡാജെ പിലാങ്കട്ടയിലെ മണി പ്രസാദി(27)നെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെയും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറി. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന് മുന്നോടിയായി മയക്കുമരുന്ന് കടത്ത് സാധ്യത മുന്നില്‍ കണ്ട് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി സുനീഷും സംഘവും വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് നടന്ന വാഹന പരിശോധനക്കിടെയാണ് തലപ്പാടിയില്‍ നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞ് പരിശോധിച്ചത്.
മണിപ്രസാദിന്റെ ബാഗിലാണ് പണം കണ്ടെത്തിയത്.
ഹവാല പണക്കടത്ത് സംഘത്തിലെ പ്രധാന ഏജന്റ് കൂടിയാണ് മണിപ്രസാദെന്ന് എക്‌സൈസ് പറഞ്ഞു.