ചൂരിയില്‍ റോഡില്‍ ബിയര്‍ കുപ്പികളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍

By :  Sub Editor
Update: 2024-12-19 10:11 GMT

അറസ്റ്റിലായ പ്രതികള്‍

കാസര്‍കോട്: ചൂരിയില്‍ റോഡില്‍ ബിയര്‍ കുപ്പികളെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ കാസര്‍കോട് സി.ഐ പി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തു.

കുഡ്‌ലു കേളുഗുഡ്ഡെ അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്തെ മനീഷ് കുമാര്‍(21), കുഡ്‌ലു പാറക്കട്ട ശ്രീഹരി നിലയത്തിലെ അഭിലാഷ്(23), ആര്‍.ഡി നഗര്‍ കഞ്ചിക്കാട്ട് ഹൗസിലെ അവിനാഷ് കെ.ആര്‍(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ചൂരിയില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘവും പ്രദേശത്തുണ്ടായിരുന്ന യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സ്ഥലം വിട്ട സംഘം പിന്നീട് വീണ്ടുമെത്തി റോഡില്‍ ബിയര്‍ കുപ്പികളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. -

Similar News