കാറില്‍ കടത്തിയ എം.ഡി.എം.എയുമായി പിടിയിലായ മൂന്ന് പ്രതികള്‍ റിമാണ്ടില്‍

By :  Sub Editor
Update: 2024-12-16 10:47 GMT

പൊയിനാച്ചി: കാറില്‍ കടത്തിയ 50 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. അജാനൂര്‍ കടപ്പുറം മീനാപ്പീസിനടുത്ത പാട്ടില്ലത്ത് ഹൗസില്‍ പി. അബ്ദുല്‍ ഹക്കീം(27), കുമ്പള കൊപ്പളം കുന്നില്‍ ഹൗസിലെ എ. അബ്ദുല്‍ റാഷിദ്(29), ഉദുമ പാക്യാരയിലെ പി. എച്ച് അബ്ദുല്‍റഹ്‌മാന്‍(29) എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെ രാവിലെ പൊയിനാച്ചി ദേശീയപാതയില്‍ നിര്‍മ്മാണം നടക്കുന്ന വി.ഒ.പി പരിസരത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും മേല്‍പ്പറമ്പ് പൊലീസുമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. നാലുപേരില്‍ മൂന്നുപേര്‍ പിടിയിലാവുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് അഷ്റഫ്(25) ആണ് രക്ഷപ്പെട്ടത്. അഷ്റഫിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നേരത്തെ വാഹനങ്ങള്‍ കുറുകെയിട്ട് സമീപത്തെ ഇടവഴികള്‍ അടച്ചാണ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. പരിശോധന ആരംഭിക്കുന്നതിനിടെ മുഹമ്മദ് അഷ്റഫ് കാറില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. അബ്ദുല്‍ ഹക്കീമാണ് കാറോടിച്ചിരുന്നത്. പുത്തന്‍ കാറിന്റെ ബോണറ്റ് ഹിറ്റ് പ്രൊട്ടക്ടര്‍ ഷീറ്റ് അടര്‍ത്തി നോക്കിയപ്പോള്‍ താഴെ വീണ പ്രഥമ ശുശ്രൂഷ കിറ്റിനകത്ത് മൂന്ന് പോളിത്തീന്‍ കവറുകളിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതിരിക്കാന്‍ മൊബൈല്‍ സിം കവറിനുള്ളില്‍ മറ്റൊരു കവറിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് സുള്ള്യ-ബന്തടുക്ക വഴിയാണ് സംഘം പൊയിനാച്ചി ദേശീയപാതയിലെത്തിയത്.

Similar News