സ്‌കൂളില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആസ്പത്രിയില്‍ എത്തിച്ചില്ല; പിതാവ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് പരാതി നല്‍കി
കാസര്‍കോട്: സ്‌കൂളില്‍ വീണ് പരിക്കേറ്റ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കിയില്ലെന്ന് പരാതി. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ബേളൂര്‍ യു.പി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വി ആരുഷിനാണ് സ്‌കൂളില്‍ നിന്നും വീണ് പരിക്കേറ്റത്. ഇതുസംബന്ധിച്ച് പിതാവ് അട്ടേങ്ങാനത്തെ സി.സി ഹരീഷ്‌കുമാര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് പരാതി നല്‍കി. കുട്ടിയുടെ വീഴ്ച ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാനോ ആസ്പത്രിയില്‍ കൊണ്ടുപോകാനോ തയ്യാറായില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ആരുഷിന്റെ നെറ്റിയിലാണ് പരിക്കേറ്റത്. വൈകിട്ട് സ്‌കൂള്‍ വിട്ട സമയത്ത് മകനെ കൂട്ടാന്‍ ഹരീഷ്‌കുമാര്‍ സ്‌കൂളില്‍ ചെന്നപ്പോഴാണ് സംഭവമറിഞ്ഞത്. മകനെയും കൂട്ടി സ്‌കൂള്‍ അധികൃതരെ സമീപിക്കുകയും പരിക്കേറ്റ് മൂന്ന് മണിക്കൂറിനടുത്തായിട്ടും എന്തു കൊണ്ടാണ് കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ തയ്യാറാവാത്തതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ ഇതൊന്നും അത്ര ഗൗരവമുള്ള വിഷയമല്ലെന്നായിരുന്നു പ്രധാനാധ്യാപകന്റെ മറുപടിയെന്നും പരാതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹരീഷ്‌കുമാര്‍ സ്വന്തം വാഹനത്തില്‍ മകനെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിലെത്തിക്കുകയും ചികിത്സ തേടുകയുമാണ് ചെയ്തത്.
ശരീരത്തിലെ വളരെ പ്രധാനപെട്ട ഭാഗമായ നെറ്റിയില്‍ പരിക്ക് പറ്റിയിട്ടും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാനോ മൂന്ന് മണിക്കൂറിനടുത്തു സമയമായിട്ടും കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാനോ തയ്യാറാകാതിരുന്ന സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണുണ്ടായതെന്നും കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ബാധ്യസ്ഥരായ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.