പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി; വിപണി സജീവമായി

Update: 2025-02-27 09:37 GMT

വേനല്‍ച്ചൂടില്‍ ആശങ്ക


കാസര്‍കോട്: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്നു. എന്നാല്‍ വെന്തുരുകുന്ന പകല്‍ ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍ ആശങ്ക സൃഷ്ടിക്കുന്നു. പതിവിന് വിപരീതമായി ഫെബ്രുവരിയില്‍ പോലും അതിശക്തമായ ചൂടിനെയാണ് അഭിമുഖീകരിച്ചത്. നിലവില്‍ മലയോര മേഖലകളില്‍ പകല്‍ താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതല്‍ 25 വരെയും. ജില്ലയില്‍ ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പും ഇതിനകം കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ഡിഗ്രി മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ്‌വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് നിരീക്ഷണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്. കടുത്ത ചൂടുകാരണം പുറം ജോലി സമയം അധികൃതര്‍ ഇതിനകം തന്നെ ക്രമീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ചൂടിനെ നേരിടാന്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് രണ്ടോ മൂന്നോ തീയതിയിലായിരിക്കും വ്രതം ആരംഭിക്കുക. കൊടും ചൂടുകാലമാണെങ്കിലും റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. പള്ളികള്‍ മിക്കതും പെയിന്റ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി റമദാനെ വരവേല്‍ക്കാന്‍ സജ്ജമായി. ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ പല പള്ളികളിലും എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുകയാണ്. പ്രധാന നഗരങ്ങളിലൊക്കെ റമദാന്‍ വിപണി സജീവമായി. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതടക്കമുള്ള ഈന്തപ്പഴങ്ങളും പഴവര്‍ഗങ്ങളും വിപണി കീഴടക്കുകയാണ്. വേനല്‍ചൂടിന്റെ കാഠിന്യം കൂടിവരുന്ന സാഹചര്യത്തില്‍ നോമ്പുകാലത്ത് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന ആശങ്ക മുന്നില്‍ കണ്ട് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തിയവരെക്കൊണ്ട് വസ്ത്രക്കടകളിലും തിരക്കാണ്.

Similar News