മാധ്യമ മേഖലയുടെ വിശ്വാസ്യത ചോര്‍ന്നുപോകരുത് -മന്ത്രി വി. അബ്ദുറഹിമാന്‍
കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ കെ. കൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്‌കാരം മന്ത്രി വി. അബ്ദു ഹിമാന്‍ ബാബു പാണത്തൂരിന് സമ്മാനിക്കുന്നു
കാസര്‍കോട്: സമീപകാലങ്ങളിലായി വാര്‍ത്തകളുടെ വിശ്വാസ്യത ചോര്‍ന്നുപോകുന്നതായും അതുണ്ടാകരുതെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍ കെ. കൃഷ്ണന്‍ അനുസ്മരണവും പത്രപ്രവര്‍ത്തക പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളില്‍ എല്ലായ്പ്പോഴും സത്യസന്ധത പുലര്‍ത്തണം. പല വാര്‍ത്തകള്‍ക്ക് മുമ്പിലും ലേഖകര്‍ നിസഹായരാകുകയാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മടികാണിക്കരുതെന്നും അപ്പോഴും അധികാരികള്‍ മാത്രം കുറ്റക്കാര്‍ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു പാണത്തൂര്‍ ഫലകവും ക്യാഷ് അവാര്‍ഡും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് പ്രസിഡണ്ട് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബാബു പാണത്തൂര്‍ മറുപടി പ്രസംഗം നടത്തി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അനുസ്മരണ പ്രഭാഷണം നടത്തി. എ. അബ്ദുല്‍ റഹ്‌മാന്‍, ടി.എ. ഷാഫി, സി. നാരായണന്‍, വി.വി. പ്രഭാകരന്‍, പ്രദീപ് നാരായണന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, സതീശന്‍ കരിച്ചേരി സംസാരിച്ചു.