പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവ് കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

By :  Sub Editor
Update: 2025-01-07 10:40 GMT

ഉദുമ: പിതാവിനെ തേങ്ങ പൊതിക്കുന്ന പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പ്രമോദിനെ(36)യാണ് ഇന്ന് രാവിലെ ഉദുമ നാലാംവാതുക്കലിലെ ഭാര്യാവീട്ടുവളപ്പിലുളള കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2024 ഏപ്രില്‍ ഒന്നിന് വൈകിട്ടാണ് അപ്പക്കുഞ്ഞിയെ പ്രമോദ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രമോദ് അപ്പക്കുഞ്ഞിയെ മര്‍ദ്ദിച്ചിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ പ്രമോദിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യം മൂലം പ്രമോദ് വീട്ടില്‍ കയറി തേങ്ങ പൊതിക്കുന്ന പാര കൊണ്ടും പിക്കാസ് കൊണ്ടും അപ്പക്കുഞ്ഞിയെ അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ കേസില്‍ അറസ്റ്റിലായ പ്രമോദിന് 2024 ഒക്ടോബര്‍ മാസത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. അപ്പക്കുഞ്ഞി കൊലക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രമോദ് ആത്മഹത്യ ചെയ്തത്.

Similar News