'പ്രിയ കാസര്‍കോട്, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി...'

കാസര്‍കോടിന്റെ സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടി സുനില്‍ ഗവാസ്‌കര്‍;

By :  Sub Editor
Update: 2025-02-22 10:41 GMT

കാസര്‍കോട്: കാസര്‍കോടിന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തില്‍ സുനില്‍ ഗവാസ്‌കര്‍ ശരിക്കും വീര്‍പ്പുമുട്ടി. കാസര്‍കോട്ട് ഗവാസ്‌കറിന്റെ പേരില്‍ ഒരു റോഡും പിറന്നു. ഗവാസ്‌കറെ കണ്‍നിറയെ കണ്ട ആനന്ദത്തില്‍ കാസര്‍കോടന്‍ ജനത സായൂജ്യമടഞ്ഞു. സംഘാടകരുടെ കണക്കുകൂട്ടലുകളെ പോലും തെറ്റിച്ചാണ് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന്റെ നാമകരണത്തിന് നൂറുകണക്കിനാളുകള്‍ ഒഴുകി എത്തിയത്. സ്റ്റേഡിയം ജംഗ്ഷനില്‍ സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന നാമകരണം സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ നിര്‍വഹിച്ചപ്പോള്‍ കാസര്‍കോടിന്റെ ചരിത്രത്തിലെ ഒരു പുതു ഏടായി അത് മാറി. സ്റ്റേഡിയം ജംഗ്ഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഗവാസ്‌കറെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു. ഗവാസ്‌കറിന്റെ പേരിലുള്ള റോഡ് അദ്ദേഹം ഉദ്ഘാടനം ചെയ്തപ്പോള്‍ ആരാധകര്‍ ജയ് വിളികളോടെ വരവേറ്റു.

തുറന്ന വാഹനത്തില്‍ ഗവാസ്‌കറെ സ്വീകരിച്ചാനയിച്ചത് കാസര്‍കോടിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. സുഹൃത്ത് ഖാദര്‍ തെരുവത്തും സൈദ അബ്ദുല്‍ ഖാദറും വാഹനത്തില്‍ ഗവാസ്‌കറിന് ഒപ്പമുണ്ടായിരുന്നു. മറ്റൊരു തുറന്ന വാഹനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവും അനുഗമിച്ചു.

റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗവാസ്‌കര്‍ക്ക് ഒരുക്കിയ സ്വീകരണവും ആദരവും കാണാനെത്തിയവരെ കൊണ്ട് സദസ് നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കാതുകൂര്‍പ്പിച്ചാണ് സദസ് കേട്ടിരുന്നത്. അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും രാജ്യത്തിന് നിരവധി താരങ്ങളെ സമ്മാനിച്ച കേരളം ഇപ്പോള്‍ ക്രിക്കറ്റിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്യുകയാണ്. കേരളാ ക്രിക്കറ്റിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. കഴിവുള്ള താരങ്ങള്‍ വളര്‍ന്നുവരട്ടേയെന്ന് ആശംസിക്കുന്നു. ഇന്ന് എനിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ ക്രിക്കറ്റ് ആരാധകനും ഓര്‍മ്മയില്‍ തിങ്ങി നില്‍ക്കുന്ന ദിനമാണ്. രഞ്ജി ട്രോഫി സെമിയില്‍ ചരിത്രം പിറന്ന ദിവസമാണിത്. ഈ സന്തോഷത്തിനിടയിലാണ് ഞാന്‍ കാസര്‍കോട്ട് എത്തിയത്. കാസര്‍കോട് എത്താന്‍ സാധിച്ചത് എനിക്ക് ഇരട്ടി സന്തോഷം പകരുന്നു-ഗവാസ്‌കര്‍ പറഞ്ഞു.

ഞാന്‍ മുംബൈക്കാരനാണ്. അവിടെ ഇഷ്ടം പോലെ റോഡുകളും തെരുവുകളും ഉണ്ട്. എന്നാല്‍ ഇതുവരെ ഒരു റോഡിനും എന്റെ പേര് നല്‍കിയിട്ടില്ല. ഇവിടെ കേരളത്തില്‍, കാസര്‍കോട്ട് എന്റെ പേരിലൊരു റോഡ് കൊത്തിവെച്ചിരിക്കുന്നു. അതിന് നിങ്ങളോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുകയാണ്-ഗവാസ്‌കറുടെ വാക്കുകള്‍ സദസിനെ ഇളക്കിമറിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര പരിഭാഷപ്പെടുത്തി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഗവാസ്‌കര്‍ക്ക് കാസര്‍കോടിന്റെ ആദരം അര്‍പ്പിച്ചു. ഖാദര്‍ തെരുവത്ത് ആമുഖഭാഷണം നടത്തി. സൈദ അബ്ദുല്‍ ഖാദര്‍ ഗവാസ്‌കറെ പരിചയപ്പെടുത്തി. മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പൊലീസിന്റെ ബോധവല്‍ക്കരണ പരിപാടി ഗവാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ജില്ലാ പൊലീസിന്റെ ഉപഹാരം ഗവാസ്‌കര്‍ക്ക് സമ്മാനിച്ചു. നഗരസഭയുടെ ശുചിത്വ ബോധവല്‍ക്കരണ സന്ദേശത്തിന്റെ ഉദ്ഘാടനവും ഗവാസ്‌കര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു. സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ ഷാഫി നന്ദി പറഞ്ഞു. കാസര്‍കോട് അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, നഗരസഭാ ഉപാധ്യക്ഷ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, വാര്‍ഡ് കൗണ്‍സിലര്‍ സവിത ടീച്ചര്‍, മധൂര്‍ പഞ്ചായത്ത് മെമ്പര്‍ സ്മിത, യഹ്‌യ തളങ്കര, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ലത്തീഫ് ഉപ്പളഗേറ്റ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ്, ഫക്രുദ്ദീന്‍ കുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Similar News