ആയിരത്തിരി ഉത്സവത്തിന് ഭഗവതി ക്ഷേത്രം ഒരുങ്ങി; വര്‍ണ ശോഭിതമായി പാലക്കുന്ന്
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള ആയിരത്തിരിയും തിരുമുല്‍കാഴ്ച സമര്‍പ്പണങ്ങളും ഇന്ന് നടക്കും. രാവിലെ 10ന് ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയുടെ ഭജന, 12ന് തച്ചങ്ങാട് അയ്യപ്പ ഭജന സമിതിയുടെ ഭജന എന്നിവ നടന്നു. ഉച്ചയ്ക്ക് 2ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം, 3ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന എന്നിവ ഉണ്ടായിരിക്കും. രാത്രി 8ന് പൂരക്കളി. 10ന് ചിറമ്മല്‍ പ്രാദേശിക സമിതി, 11ന് ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ്, 12ന് എരോല്‍-ആറാട്ടുകടവ് പ്രദേശ്, 1ന് പള്ളിക്കര തണ്ണീര്‍പുഴ പ്രദേശ് കാഴ്ചാ സമര്‍പ്പണങ്ങള്‍ ഉണ്ടാകും. 2.30ന് ഉത്സവബലി. തുടര്‍ന്നാണ് ആയിരത്തിരി ഉത്സവം. നാളെ രാവിലെ കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും. ആയിരങ്ങള്‍ ഉത്സവം കാണാനെത്തുമെന്നതിനാല്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും ഒട്ടേറെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, പറമ്പ്, പൊയിനാച്ചി എന്നിവിടങ്ങളില്‍ നിന്നും പാലക്കുന്നിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ അറിയിച്ചു.
ക്ഷേത്ര തിരുമുറ്റത്ത് ഭീമാകാരമായ നാഗരൂപങ്ങളെ പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് കളമെഴുത്തിലൂടെ വരച്ചുണ്ടാക്കുന്നതും അനുഷ്ഠാന വിധികളോടെ കളം കയ്യേല്‍ക്കുന്നതും ചുവട് മായിക്കുന്നതും കാണാന്‍ ഇന്ന് ഭക്തര്‍ ഒഴുകിയെത്തും. കരിപ്പൊടി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കുങ്കുമം, ഉമി, കുറുമാണം എന്നിവ ഉപയോഗിച്ചാണ് കലാഭംഗിയുള്ള നാഗക്കളം തീര്‍ക്കുന്നത്. സന്ധ്യാദീപത്തിന് ശേഷം രവീന്ദ്രന്‍ കളക്കാരന്റെ നേതൃത്വത്തില്‍ അഞ്ചോളം സഹായികളുടെ സഹായത്തോടെയാണ് കളം വരയ്ക്കുന്നത്. കളക്കാരന്‍ സ്തുതികള്‍ ചൊല്ലി ദേവതകളെ സംപ്രീതരാക്കുന്നതോടെ കെട്ടിചുറ്റിയ നര്‍ത്തകന്‍ കളംകയ്യേല്‍ക്കല്‍ ആരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ നാലുദിക്കൊപ്പിച്ചു ചുവട് വെച്ച് നാഗരൂപങ്ങള്‍ മായ്ച്ചുകളയും. ചുവട്മായിക്കലിന് ശേഷം വിശ്വാസികള്‍ കളത്തിലെ വിഭൂതി ശേഖരിച്ച് പ്രസാദമായി വീട്ടിലെത്തിക്കുന്നതും പതിവാണ്.