'നോ പാർക്കിംഗ് ' ആണ്; പിഴയിടും, പക്ഷെ മുന്നറിയിപ്പില്ല; പുലിവാല് പിടിച്ച് വാഹന ഉടമകള്‍

Update: 2024-12-24 07:35 GMT

കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം ബസ്സിടിച്ച് തകര്‍ന്ന നോ പാര്‍ക്കിംഗ് മുന്നറിയിപ്പ് ബോര്‍ഡ്

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് പൊലീസ് സിഗ്നലിന് പിറക് വശത്തെ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിടി വീഴും. പിന്നാലെ പിഴയും. കാരണം മറ്റൊന്നുമല്ല. സ്ഥലം നോ പാര്‍ക്കിംഗ് ഏരിയ ആണ്. പക്ഷെ ഇത് സൂചിപ്പിക്കുന്ന യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്ഥലത്ത് ട്രാഫിക് പൊലീസ് സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡ് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് തകര്‍ന്നതാണ്. ആഴ്ചകള്‍ പിന്നിട്ടിട്ടും ഇത് പുന: സ്ഥാപിച്ചില്ല. പാര്‍ക്കിംഗ് അനുവദിക്കാത്ത സ്ഥലമാണെന്ന് അറിയാത്ത വാഹന ഉടമകളാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്തര്‍ക്ക് ട്രാഫിക് പൊലീസിന്റെ പിഴ നോട്ടീസ് ലഭിക്കുകയാണ്. നോട്ടീസ് കിട്ടിയപ്പോഴാണ് സ്ഥലം നോ പാര്‍ക്കിംഗ് ഏരിയ ആയിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ക്ക് മനസിലാവുന്നത്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും പോകേണ്ട ഇരുചക്ര വാഹനങ്ങള്‍ മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ട്രാഫിക് പൊലീസ് നിയമലംഘനത്തിന് നോട്ടീസ് അയക്കുന്നത് തുടരുകയാണെന്നാണ് പരാതി.

Similar News