കുടിവെള്ളമില്ല; അര ലക്ഷം വരെ ബില്ലുണ്ട്!! തലയില്‍ കൈവെച്ച് കുടുംബങ്ങള്‍

Update: 2025-01-02 10:06 GMT

ഹൊസങ്കടി: കേന്ദ്രസര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയിലൂടെ തുള്ളിവെള്ളം കിട്ടിയില്ല. പക്ഷെ അര ലക്ഷം രൂപ വരെയുള്ള ബില്ല് കണ്ട് അന്തം വിട്ടിരിക്കുകയാണ് വോര്‍ക്കാടി പഞ്ചായത്തിലെ ഉപഭോക്താക്കള്‍. ബില്ല് അടക്കാത്ത പക്ഷം ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന നോട്ടീസും കൂടി കിട്ടിയതോടെ ഇരുട്ടടി കിട്ടിയ അവസ്ഥയിലാണ് ജനങ്ങള്‍. വോര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍, ബാക്കറവയല്‍, കുരുടപദവ്, വോര്‍ക്കാടി മേഖലകളിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് ഈ ദുരിതാവസ്ഥ.

പഞ്ചായത്തിലെ അബ്ദുല്‍ ഖാദറിന് 50400 രൂപയും യമുനക്ക് 18000 രൂപയുമാണ് കുടിശിക അടക്കാന്‍ പറഞ്ഞിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യമുനയുടെ വീട്ടില്‍ സ്ഥാപിച്ച പൈപ്പില്‍ ഒരു തുള്ളി വെള്ളം പോലും വന്നിട്ടില്ലെന്നാണ് പറയുന്നത്. അബ്ദുല്‍ ഖാദര്‍ അഞ്ച് തവണ ബില്‍ അടച്ചിരുന്നു. പിന്നിട് വെള്ളം കിട്ടാത്തതിനാല്‍ ബില്ല് വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം 54,000 രൂപയുടെ ബില്‍ കിട്ടിയത് കണ്ട് ഞെട്ടിയിരിക്കുകയാണ് അബ്ദുല്‍ ഖാദര്‍. പിന്നാലെ ജപ്തി നോട്ടീസും കിട്ടി.

മൂന്ന് വര്‍ഷം മുമ്പാണ് 2000ത്തില്‍ പരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി കുടിവെള്ളത്തിന് പൈപ്പുകളിട്ട് ടാപ്പ് വെച്ച ശേഷം ജീവനക്കാര്‍ മടങ്ങിയത്. പദ്ധതിയില്‍ താത്പര്യമില്ലാത്ത കുടുംബങ്ങളുടെ വീട്ടിലും ഇവര്‍ പൈപ്പുകള്‍ സ്ഥാപിച്ചുവെന്നാണ് ആരോപണം. പൈപ്പ് മാറ്റാന്‍ ജല അതോറിറ്റിയുടെ ഓഫീസില്‍ അറിയിച്ചെങ്കിലും രണ്ട് മാസത്തിലൊരിക്കല്‍ 40 രൂപ അടച്ചാല്‍ മതിയെന്ന് പറഞ്ഞുവെന്ന് നാട്ടുകാര്‍ പറയുന്നു. എണ്ണം തികയ്ക്കാന്‍ വേണ്ടി കരാറുകാരന്‍ എല്ലാ വീട്ടിലും പൈപ്പുകള്‍ സ്ഥാപിച്ചുവെന്നാണ് ആക്ഷേപം.

Similar News