മൊഗ്രാല്‍പുത്തൂരില്‍ ഒരു റോഡ്; രണ്ട് ഉദ്ഘാടനം

എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് പിന്നാലെ പ്രതീകാത്മകമായി ഉദ്ഘാടനം നടത്തി സമര സമിതി

By :  Sub Editor
Update: 2024-12-09 11:34 GMT

കാസര്‍കോട്: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് പിന്നാലെ ചൗക്കി മൈല്‍പ്പാറ മജല്‍-ഉജിര്‍ക്കര റോഡ് പ്രതീകാത്മകമായി ഉദ്ഘാടനം നടത്തി സമര സമിതി. ശനിയാഴ്ച്ച എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയാവാതെയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയതെന്ന് ആരോപിച്ച് ഇന്നലെ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

50 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയതാണ് 350 മീറ്റര്‍ റോഡ്. എം.എല്‍.എ. നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സെമീറ ഫൈസല്‍, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, അന്‍വര്‍ ചേരങ്കൈ, സിദ്ദിഖ് ബേക്കല്‍, എ.എ. ജലീല്‍, കരീം ചൗക്കി, ഹനീഫ് ചേരങ്കൈ, റഫീക് ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.

സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതീകാത്മക ഉദ്ഘാടനം ഭിന്നശേഷിക്കാരായ സുധാകരന്‍ മജല്‍, എന്‍. ശ്രീധരന്‍, ദാമോദര പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജല്‍, സലീം സന്ദേശം, പഞ്ചായത്തംഗങ്ങളായ ഗിരീഷ്, ജുവൈരിയ്യ, സുലോചന, ഷെമീമ സാദിഖ്, പൊതുപ്രവര്‍ത്തകരായ അസീസ് കടപ്പുറം, ചന്ദ്രശേഖര ബെള്ളൂര്‍, വിശ്വനാഥന്‍ നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്ര ദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Similar News