എന്‍.എ സുലൈമാന്‍ പുരസ്‌കാരം കൂടുതല്‍ കരുത്ത് പകരുമെന്ന് മുഹമ്മദ് ആസീം വെളിമണ്ണ

By :  Sub Editor
Update: 2024-12-09 11:15 GMT

കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടും വിവിധ സപോര്‍ട്‌സ് കൗണ്‍സിലുകളുടെ സംസ്ഥാന പ്രതിനിധിയും വ്യവസായിയുമായിരുന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിന് തന്നെ വിസ്മയമായിത്തീര്‍ന്ന മുഹമ്മദ് ആസീം വെളിമണ്ണക്ക് സമ്മാനിച്ചു. ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് മുഹമ്മദ് ആസിം ഒരുലക്ഷം രൂപയും ഉപഹാരവും പൊന്നാടയും അടങ്ങിയ പുരസ്‌കാരം ഏറ്റുവാങ്ങി. പരിമിതികളില്‍ ദു:ഖിച്ചിരിക്കരുതെന്നും സഹതാപ കഥാപാത്രമായി ഒതുങ്ങി ജീവിക്കാതെ പരിമിതികളോട് പൊരുതി മുന്നേറണമെന്നും മുഹമ്മദ് ആസിം പറഞ്ഞു. ഒളിമ്പിക്‌സിലടക്കം മത്സരിക്കണമെന്ന തന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ ഉണ്ടാവണമെന്നും എന്‍.എ സുലൈമാന്‍ പുരസ്‌കാരം തനിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും ആസീം കൂട്ടിച്ചേര്‍ത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് റിട്ട. ഡെപ്യൂട്ടി കമ്മീഷണര്‍ അഡ്വ. എസ്.എ.എസ് നവാസ് അവാര്‍ഡ്ദാനം നടത്തി. ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി അബ്ദുല്ല സുനൈസ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം ടി.എ ഷാഫി സ്വാഗതം പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്‍.എ സുലൈമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ആസീമിന്റെ പിതാവ് ഹാഫിസ് സഈദിന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കെ.എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്പോര്‍ട്സ് ആന്റ് യൂത്ത് അഫയേര്‍സ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ നജ്മുദ്ദീന്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ സുദീപ് ബോസ്, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സിജു കണ്ണന്‍, സംസ്ഥാന നെറ്റ്ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ സാബിറ യു.പി, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ദിനേശ് കെ. പ്രസംഗിച്ചു. ഉപദേശക സമിതി അംഗം കെ.എം ഹനീഫ് നന്ദി പറഞ്ഞു. ഡോ. ഷമ പരിപാടി നിയന്ത്രിച്ചു.

Similar News