മൊഞ്ചായി കാസര്‍കോട് നഗരം; വര്‍ണപ്രഭ വിതറി 140 വിളക്കുകള്‍

By :  Sub Editor
Update: 2025-01-02 10:08 GMT

കാസര്‍കോട്: നഗരത്തിലെ ഇരുട്ടകറ്റി പുതുവെളിച്ചം. കാസര്‍കോട് നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ബസ്സ്റ്റാന്റിന് സമീപം ഹോട്ടല്‍ സിറ്റി ടവര്‍ മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെ ഡിവൈഡറില്‍ സ്ഥാപിച്ച 140 ഓളം തെരുവ് വിളക്കുകള്‍ ഇന്നലെ രാത്രി കണ്‍തുറന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. 'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' എന്ന ടൈറ്റിലില്‍ കാസര്‍കോട് നഗരത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പാലക്കാട്ടെ 'ഗ്രാമഫോണ്‍' എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റോടുകൂടി നഗരസൗന്ദര്യ വല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിവൈഡറില്‍ പൂന്തോട്ടവും ഒരുക്കും. ദ്രവിക്കാത്ത പ്രത്യേക വൈദ്യുതി തൂണുകളാണ് സ്ഥാപിച്ചത്. സ്ട്രീറ്റ് ലൈറ്റിന്റെ കറണ്ട് തുകയും സ്വകാര്യ കമ്പനി വഹിക്കും. 10 വര്‍ഷത്തേക്കാണ് കരാര്‍.

നഗരസഭയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വിവിധ സ്വകാര്യ കമ്പനികള്‍ സ്വമേധയാ രംഗത്ത് വന്നിട്ടുണ്ടെന്നും പരാതികള്‍ക്കൊന്നും ഇടം നല്‍കാതെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, റീത്ത ആര്‍., രജനി കെ., സിയാന ഹനീഫ്, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ്, അബ്ദുല്‍ കരീം കോളിയാട് തുടങ്ങിയവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ സംബന്ധിച്ചു.

Similar News