കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി എം.എല്‍ അശ്വിനി
ബി.ജെ.പി. കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി എം.എല്‍. അശ്വിനി അധികാരമേല്‍ക്കുന്നു
കാസര്‍കോട് ; കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി എം.എല്‍ അശ്വിനി ചുമതലയേറ്റതോടെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് മുന്നില്‍ കടമ്പകള്‍ ഏറെ. സംഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പുറമെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ദൗത്യം കൂടി അശ്വിനിക്കുണ്ട്. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശ്വിനി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. വിജയിച്ചില്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി കൂടുതല്‍ സ്ത്രീ വോട്ടുകള്‍ സമാഹരിക്കാന്‍ അശ്വിനിക്ക് സാധിച്ചിരുന്നു. ഇതിനുള്ള അംഗീകാരം കൂടിയാണ് ബി.ജെ.പിയുടെ ജില്ലാ പ്രസിഡണ്ട് സ്ഥാനം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ അശ്വിനിക്ക് 2,19,558 വോട്ടുകളാണ് ലഭിച്ചത്. 2019ല്‍ രവീശ തന്ത്രി കുണ്ടാര്‍ക്ക് ലഭിച്ച 1,76,049 നേക്കാള്‍ 43,509 വോട്ട് അശ്വിനിക്ക് കൂടുതല്‍ ലഭിക്കുകയായിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ അശ്വിനിക്ക് സാധിച്ചു. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും ആര്‍.എസ്.എസ് ശുപാര്‍ശയുമെല്ലാം അശ്വിനിയുടെ സ്ഥാനലബ്ധിക്ക് അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു. ജില്ലയില്‍ നിന്ന് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിനും അവിടെ നിന്ന് കേന്ദ്ര നേതൃത്വത്തിനും നല്‍കിയ പട്ടികയില്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് അശ്വിനിക്ക് പുറമെ രവീശ തന്ത്രി കുണ്ടാറിന്റെയും കെ. ശ്രീകാന്തിന്റെയുമൊക്കെ പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അശ്വിനിയുടെ പേരിനാണ് അംഗീകാരം ലഭിച്ചത്. സ്ത്രീയെന്ന പരിഗണനയും പ്രവര്‍ത്തനമികവും അശ്വിനിക്ക് ഗുണകരമാവുകയായിരുന്നു. എന്നാല്‍ അശ്വിനി ബി.ജെ.പി ജില്ലാ പ്രസിഡണ്ടായതുകൊണ്ട് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയപ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് കരുതാനാകില്ല. ഒരു തവണ കൂടി ജില്ലാ പ്രസിഡണ്ട് സ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ രവീശ തന്ത്രി കുണ്ടാറിനുണ്ടായിരുന്നു. കാസര്‍കോട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കകത്ത് അസ്വാരസ്യങ്ങളുണ്ടായിരുന്നു. പിന്നീട് ഇത് പരിഹരിച്ചെങ്കിലും മതിയായ പരിഗണന ലഭിക്കാതിരുന്നതില്‍ പ്രമുഖ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇപ്പോള്‍ ജില്ലാ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചതോടെ ഇവരുടെ അമര്‍ഷത്തിന് ആക്കം കൂടിയിരിക്കുകയാണ്. ഇവരെ അനുനയിപ്പിച്ച് ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നത് അശ്വിനിക്ക് മുന്നിലെ വലിയ വെല്ലുവിളി തന്നെയായിരിക്കും. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയംഗം കൂടിയാണ് അശ്വിനി. ഇന്നലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ അശ്വിനിയെ ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചടങ്ങ് നടന്നു.