ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്: കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഭാഗീകമായി മുടങ്ങി
പണിമുടക്കിയ ജീവനക്കാര്‍ കാസര്‍കോട് ഡിപ്പോയില്‍ നടത്തിയ പ്രതിഷേധം
കാസര്‍കോട്: ശമ്പളം, ഡി.എ കുടിശ്ശിക അനുവദിക്കുക, പുതിയ നിയമനങ്ങള്‍ അനുവദിക്കുക, പുതിയ ബസുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍. ടി.യു.സിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം തുടങ്ങി. ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിയോടെ സമാപിക്കും. കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള നിരവധി ബസ് സര്‍വ്വീസുകളെ പണിമുടക്ക് ബാധിച്ചു. എന്നാല്‍ കര്‍ണാടക സര്‍വ്വീസുകള്‍ നടക്കുന്നുണ്ട്. സമരത്തെ തുടര്‍ന്ന് പല സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. കാസര്‍കോട് ഡിപ്പോയില്‍ സമരം ബിജു ജോണ്‍ ഉദ്ഘാടനം ചെയ്തു. എം.എ ജലീല്‍, കെ. നരേന്ദ്രന്‍, എ. രാമചന്ദ്ര, എം. സജീവന്‍ നേതൃത്വം നല്‍കി. ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് സംസ്ഥാന തലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.