ആവേശമായി മുംബൈയില്‍ കാസര്‍കോട് നിവാസികളുടെ സംഗമം; അതിഥികളായി എം.പിയും എം.എല്‍.എമാരും എത്തി
മുംബൈ: കാസര്‍കോട്-മുംബൈ സ്പെഷ്യല്‍ ട്രെയിനിന് വേണ്ടി തന്നാലാവുന്നവിധം പ്രയത്‌നിക്കുമെന്നും ഇതിന് വേണ്ടി കേന്ദ്ര റെയില്‍വെ മന്ത്രിയെ കാണുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാസര്‍കോടിന്റെ തനിമ മുബൈയുടെ മണ്ണില്‍ കാണാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവി മുംബൈയിലെ നെറൂല്‍ ജിംക്കാനയില്‍ കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലം മുംബൈ നിവാസികളുടെ മഹാ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. സംഗമം ആവേശകരമായി. കലാ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും എം.പി പറഞ്ഞു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്റഫ്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എസ്. റഫീഖ് (നോര്‍ക്ക)എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡണ്ട് ടി.എ ഖാലിദ് അധ്യക്ഷത വഹിച്ചു. എം.എ ഖാലിദ് അതിഥികളെ പരിചയപ്പെടുത്തി. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫിറോസ് അബ്ദുല്‍ റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുലൈമാന്‍ മര്‍ച്ചന്റ് പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി എം.എ മുഹമ്മദ് ഉളുവാര്‍ സ്വാഗതവും ഹനിഫ് കുബണൂര്‍ നന്ദിയും പറഞ്ഞു. എ.പി ഖാദര്‍ അയ്യൂര്‍, നൂറുല്‍ ഹസന്‍, റൗഫ് നോവല്‍റ്റി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.